രാമപുരം: സ്വന്തം ബാൻഡ് സംഘവുമായി സ്വാതന്ത്ര്യദിനത്തിൽ പരേഡ് നടത്താൻ ഒരുങ്ങി രാമപുരം കൈൻഡ് ആൻഡ് കെയർ ബി.ആർ.സി. സ്‌കൂളിലെ വിദ്യാർഥികൾ.
സ്‌കൂളിലെ പതിനഞ്ചു കുട്ടികളാണ് വെള്ളിയാഴ്ച രാവിലെ രാമപുരം ഗ്രാമപഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ബാൻഡ് അവതരിപ്പിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മുത്തോലി സ്വദേശിയായ അധ്യാപകൻ കെ.ടി. സെബാസ്റ്റ്യന്റെ സഹായത്തോടെയാണ് ബാൻഡ് മേളം അഭ്യസിപ്പിച്ചത്.
ബാൻഡ് രൂപീകരണത്തിനും പ്രവർത്തനങ്ങൾക്കുമായി കുടുംബശ്രീ ജില്ലാ മിഷനിൽനിന്ന് 2,58,000 രൂപ അനുവദിച്ചിരുന്നു. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽവെച്ച് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ ബാൻഡ് സ്റ്റിക് കൈമാറി ഉദ്ഘാടനം നടത്തും. നിലവിൽ 29 കുട്ടികളാണ് സ്‌കൂളിലെ പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. ഭിന്നശേഷി വിഭാഗത്തിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ പുനരധിവാസം ലക്ഷ്യമാക്കിയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് സ്‌കൂളുകൾ സ്ഥാപിച്ചത്.