ഏറ്റുമാനൂർ: ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ക്ഷേത്രത്തിലേക്ക് അനായാസം പ്രവേശിച്ചു ദർശനം നടത്താനുള്ള സൗകര്യമൊരുക്കി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ റാമ്പ് ഒരുങ്ങി. ഇനി ദർശനവും ഉത്സവവും ഏഴരപ്പൊന്നാനയും ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ കയറി തന്നെ കാണാം.
മുൻപ് ഭിന്നശേഷിക്കാർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ പ്രയാസപ്പെടേണ്ടിയിരുന്നു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയ റാമ്പിന്റെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ഏറെ സൗകര്യപ്രദമായിരിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ക്ഷേത്രത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ദര്‍ശന സൗകര്യത്തിനായി റാമ്പ് നിര്‍മ്മിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. തെക്ക് വശത്തെ കവാടത്തിലും, കൃഷ്ണ കോവിലിലുമാണ് റാമ്പ് സൗകര്യം ഒരുക്കിയിട്ടുള്ളത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീല്‍ചെയറില്‍ എത്തിയാല്‍ റാമ്പിലൂടെ അകത്തുകടന്ന് ദര്‍ശനം നടത്താം. തിരുവിതാംകൂര്‍ ദേവസ്വം ഫണ്ട് ഉപയോഗിച്ച് റാമ്പ് നിര്‍മ്മിച്ചത്. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വച്ച് തവളക്കുഴി പ്രഗതി വീട്ടിൽ പ്രദീപ്-ആശ ദമ്പതികളുടെ മകളായ ഗൗരി ആണ് ഈ ആവശ്യം ആദ്യമായി ഉന്നയിച്ചത്. റാമ്പ് ഉദ്ഘാടനം ചെയ്തതിനുശേഷം ഗൗരിയോടൊപ്പം മന്ത്രി ക്ഷേത്രദർശനം നടത്തിയിരുന്നു. ദർശനത്തിനുശേഷം ഗൗരി വിശദമായി ഇക്കാര്യം സമൂഹമാധ്യമത്തിൽ കുറിക്കുകയുണ്ടായി എന്നും ഹൃദയസ്പർശിയായ ഗൗരിയുടെ കുറിപ്പ് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി എന്നും മന്ത്രി പറഞ്ഞു. ഗൗരിയയെപ്പോലുള്ളവരുടെ ആവശ്യങ്ങൾക്കൊപ്പമാണ് ഈ സർക്കാർ. ഇത് ചെറിയൊരു തുടക്കം മാത്രമാണ്. കേരളത്തിലുടനീളം ക്ഷേത്രങ്ങളിൽ ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും റാമ്പ് സൗകര്യം ഏർപ്പെടുത്തുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലുള്ള കാര്യമാണ് എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ആരുടെയും സഹായമില്ലാതെ ഇലക്ട്രോണിക് വീൽ ചെയറിൽ ഏറ്റുമാനൂർ ക്ഷേത്ര ദർശനം നടത്തിയ സന്തോഷത്തിലാണ് ഗൗരി. ജന്മനാ കാലുകൾക്ക് ചലനശേഷി ഇല്ലാതിരുന്നതിനാൽ അകത്തേക്ക് കയറാൻ ബുദ്ധിമുട്ടായതിനാൽ പലപ്പോഴും ഗൗരി കാറിൽ പടിഞ്ഞാറേ നടയുടെ മുമ്പിൽ വന്ന് തൊഴുതിട്ടു പോകുകയായിരുന്നു പതിവ്. കുറച്ചു നാൾ മുൻപാണ് മന്ത്രിക്ക് മുൻപാകെ ഗൗരി ഇക്കാര്യം അവതരിപ്പിച്ചത്. മാന്നാനം കെ ഇ കോളേജിൽ എം കോം രണ്ടാം വർഷ വിദ്യാർഥിനിയായ ഗൗരി എഴുത്തുകാരിയും ശാസ്ത്രീയ സംഗീതം, ഓടക്കുഴൽ, കവിതാ പാരായണം എന്നിവയിലെല്ലാം മികവ് തെളിയിച്ച വ്യക്തിയുമാണ്. ആതിരയാണ് സഹോദരി.