
എരുമേലി: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്.
ചിങ്ങമാസം ഒന്നായ ഞായറാഴ്ച രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുക. രാവിലെ ഉഷഃപൂജയ്ക്കുശേഷം 7.30-ന് ശബരിമല കീഴ്ശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ചിങ്ങമാസപൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21-ന് രാത്രി 10-ന് നടയടയ്ക്കും.
താഴമൺമഠം കണ്ഠര് മഹേഷ് മോഹനര് ശനിയാഴ്ച മുതൽ ഒരുവർഷം ശബരിമല തന്ത്രി പദവി വഹിക്കും. കനത്ത മഴയിലും എരുമേലിയിലും ശബരിമലയിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം കനത്ത മഴ തുടരുന്നതിനാൽ തീർത്ഥടകർ പമ്പ നദിയിൽ ഇറങ്ങുന്നത് നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി.
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയുള്ളതിനാലും കക്കി - ആനത്തോട് ഡാം തുറന്നിട്ടുള്ള സാഹചര്യത്തിലും തീർത്ഥാടകരും പൊതുജനങ്ങളും പമ്പ ത്രിവേണിയിലും മറ്റു സ്ഥലങ്ങളിലും നദിയിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും താൽക്കാലികമായി നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ ഉത്തരവിറക്കി.
ഒറ്റപ്പെട്ട അതിശക്തമായ മഴയുള്ളതിനാൽ താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട്, പ്രാദേശിക വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത എന്നിവ വർദ്ധിപ്പിക്കുന്നതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.