കോട്ടയം: പിതൃസ്മരണയിൽ ബലിതർപ്പണ ചടങ്ങുകൾക്കൊരുങ്ങി ജില്ലയിലെ ക്ഷേത്രങ്ങൾ. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ മുതൽ തന്നെ ബലിതർപ്പണത്തിന് ക്ഷേത്രക്കടവുകളിൽ സൗകര്യമുണ്ട്.
വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളും നടക്കും. പുലർച്ചെ തന്നെ ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളുണ്ടാകണമെന്നും പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് പറഞ്ഞു.
മദ്ധ്യകേരളത്തിലെ ഏക സ്നാനഘട്ടമായ നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രത്തിലെ കർക്കടകവാവു ബലിതർപ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുലർച്ചെ 4 മണിയോടെ ചടങ്ങുകൾ ആരംഭിക്കും. എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലും ഒരുക്കങ്ങൾ പൂർത്തിയായി. കര്‍ക്കടക വാവിനോടനുബന്ധിച്ച് ബലി തർപണം നടത്തുന്നവർ എല്ലാ സുരക്ഷാ നടപടികളും മുൻകരുതലുകളും സ്വീകരിക്കണം. പമ്പ, മണിമല നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്.ശക്തമായ ഒഴുക്കും ജലനിരപ്പിലെ പെട്ടെന്ന് ഉണ്ടാകാവുന്ന മാറ്റങ്ങളും കണക്കിലെടുത്ത്, പ്രത്യേകിച്ച് അച്ചൻകോവിൽ തീരപ്രദേശങ്ങളിൽ കൂടുതൽ ജാഗ്രതയും പുലർത്തണം.