കോട്ടയം: കർക്കിടക വാവ് ദിവസമായ വ്യാഴാഴ്ച ബലിതർപ്പണത്തിനായി ജില്ലയിലും പുറത്തുമായി ജലാശയങ്ങളോട് അനുബന്ധിച്ചുള്ള തർപ്പണ സ്ഥലങ്ങളിൽ എത്തുന്നവർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കോട്ടയം ജില്ലാ പോലീസ് അറിയിച്ചു.
തുടർച്ചയായി പെയ്യുന്ന മഴ ജലാശയങ്ങളിലെ ജലനിരപ്പ് ഉയരുവാൻ കാരണമായിട്ടുണ്ട്. ശക്തമായ ഒഴുക്കും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജലാശയങ്ങളിൽ തർപ്പണത്തിന് എത്തുന്നവർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് വേണം ജലാശയങ്ങളെ സമീപിക്കാൻ. കുട്ടികൾ പ്രായമായവർ ശാരീരിക ബുദ്ധിമുട്ടുള്ളവർ എന്നിവരെ കൂടെ വരുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അതത് പ്രദേശങ്ങളിൽ ഡ്യൂട്ടിയിലുള്ള പോലീസ് സേനാംഗങ്ങൾ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, മറ്റ് സുരക്ഷാ ചുമതല വഹിക്കുന്നവർ എന്നിവരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അവശ്യ സന്ദർഭങ്ങളിൽ കേരള പോലീസിന്റെ എമർജൻസി നമ്പർ ആയിട്ടുള്ള 112 ൽ വിളിക്കാവുന്നതാണ്.