എരുമേലി: എരുമേലിയിൽ ക്ഷേത്ര നിർമ്മാണം തടഞ്ഞ് ഹൈക്കോടതി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ വാപുര സ്വാമി ക്ഷേത്രത്തിൻ്റെ നിർമാണമാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് തടഞ്ഞത്. നിർമാണ പ്രവൃത്തികൾ താത്കാലികമായി നിർത്തിവെക്കാൻ പഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി.
ആവശ്യമായ സുരക്ഷ നൽകാൻ എരുമേലി പോലീസിനും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ എരുമേലി എസ്എച്ചഒ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങുകൾ തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ചിൻ്റെതാണ് ഇടക്കാല ഉത്തരവ്.
കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് കെട്ടിട നിർമാണത്തിന് മതിയായ അനുമതി വാങ്ങിയിട്ടില്ലെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ക്ഷേത്ര നിർമാണവുമായി ബന്ധമില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഹൈക്കോടതിയിൽ പറഞ്ഞു.
എരുമേലി പുത്തൻവീടിന് സമീപം അയ്യപ്പൻ കാവിൽ വാപുരസ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്‌നവിധിയിൽ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്. ജ്യോതിഷ പണ്ഡിതൻ ഇരിങ്ങാലക്കുട പദ്‌മനാഭ ശർമയുടെ നേതൃത്വത്തിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്ന ചിന്തയിലാണ് ക്ഷേത്രം പണിത് വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് അഭിപ്രായപ്പെട്ടത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഭദ്രദീപം കൊളുത്തിയത്. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശി ജോഷിയുടെ ഉടമസ്ഥയിലുള്ള ഭൂമിയിലാണ് വാപുര സ്വാമി ക്ഷേത്രത്തിൻ്റെ നിർമ്മാണം നടക്കുന്നത്.