കോട്ടയം: കോട്ടയം നഗരത്തിന്റെ ഒത്ത നടുക്ക് തുരുമ്പെടുത്തു വർഷങ്ങളായി നിൽക്കുന്ന ആകാശപാത, കോട്ടയത്തിന്റെ 'സ്വപ്ന' പദ്ധതിയായി വിഭാവനം ചെയ്തതായിരുന്നു. എന്നാൽ ഇന്ന് ഇതുവഴിയെത്തുന്ന ജനങ്ങൾ അപകടഭീതിയിലാണ് ഇതുവഴി കടന്നു പോകുന്നത്. പലപ്പോഴായി ആകാശപ്പാതയുടെ പലഭാഗങ്ങളും തുരുമ്പെടുത്തു ദ്രവിച്ചിരുന്നു.

ശക്തമായ മഴയിലും കാറ്റിലും കോട്ടയം നഗരത്തിന്റെ നടുക്ക് അപകടഭീഷണിയുയർത്തിയാണ് ആകാശപ്പാതയുടെ നിൽപ്പ്. 2015 ഡിസംബർ 22നാണു നിർമാണം ആരംഭിച്ചത്. പദ്ധതിക്ക് ആവശ്യമായ 5.18 കോടി രൂപയും അനുവദിച്ചു. കിറ്റ്കോയെ നിർമാണ ചുമതല ഏൽപിച്ചു. 28 ലക്ഷം കെഎസ്ഇബിക്കും 7.5 ലക്ഷം ജല അതോറിറ്റിക്കും 54,000 രൂപ മണ്ണ് പരിശോധനയ്ക്കുമായി കിറ്റ്കോ കൈമാറി. നിർമാണത്തിന്റെ ഒരു ഘട്ടം പൂർത്തിയായ ശേഷമാണ് നിർമാണം നിലച്ചത്. നഗരത്തിന്റെ ഹൃദയഭാഗത്ത് കാൽനട യാത്രികർക്ക് വാഹനത്തിരക്കിലകപ്പെടാതെ റോഡ് മുറിച്ചു കടക്കുന്നതിനായി വിഭാവനം ചെയ്ത ആകാശ നടപ്പാതയുടെ നിർമ്മാണം ആദ്യ പ്രളയത്തിന് ശേഷമാണ് നിലച്ചത്.

ആദ്യ പ്രളയത്തെ തുടർന്ന് ആകാശ നടപ്പാതയുടെ പണികൾ പ്രതിസന്ധി നേരിടുകയും പിന്നീട് പണികൾ മുഴുവനായും നിലയ്ക്കുകയുമായിരുന്നു. കോട്ടയത്തിന്റെ പൂവണിയാത്ത പോയ സ്വപ്നമാണ് നഗരത്തിന്റെ നടുക്ക് വെയിലും മഴയുമേറ്റു തുരുമ്പിച്ചു നിൽക്കുന്നത്. അഞ്ചു മാസം കൊണ്ട് പൂർത്തകരിക്കും എന്ന് പറഞ്ഞ പദ്ധതി പിന്നീട് സമൂഹമാധ്യമ കൂട്ടായ്മകൾക്കും വാട്ട്സ്ആപ്പ് കൂട്ടായ്മകൾക്കും ട്രോളിക്കളിക്കാനുള്ള സ്ഥിരം വിഷയമായി. ഓണവും ക്രിസ്മസുമുൾപ്പടെ എല്ലാ വിശേഷ ദിനങ്ങളിലും കോട്ടയത്തിന്റെ ആകാശ നടപ്പാത ട്രോളുകളിൽ ഇടം നേടിയിരുന്നു. ഗതാഗത കുരുക്ക് കുറയ്ക്കാനായി കോട്ടയത്തെ നഗര മധ്യത്തിൽ നിർമ്മിച്ച ആകാശ നടപ്പാതയുടെ നിർമ്മാണം പെരുവഴിയിലായതോടെ രാവിലെയും വൈകിട്ടും ഈ മേഖലയിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. സ്ട്രക്ച്ചറുകളുടെ നിർമ്മാണം പൂർത്തിയായപ്പോഴായിരുന്നു പ്രളയം. ഹൈക്കോടതിയുടെ ഇടപെടലിൽ ആകാശപ്പാതയുടെ ബലപരിശോധന നടത്തിയിരുന്നു. ഭാരിച്ച ചെലവു വഹിച്ച് കോട്ടയം സ്കൈ വാക്ക് പൂർത്തിയാക്കിയാലും ഭാവിയിൽ റോഡ് വികസനമുണ്ടായാൽ പൊളിച്ചു മാറ്റേണ്ടി വരുമെന്നു ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരുന്നു. ആകാശപ്പാതയുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന കോട്ടയം എം എൽ എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യത്തോടു അന്ന് പ്രതികരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത പൂർത്തിയാകാത്തത് വലിയ വിവാദമായിരുന്നു. കോട്ടയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നാറ്റ്പാക്ക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത നിര്‍മിക്കാൻ തീരുമാനിച്ചതെന്നും സർക്കാർ എൻജിനീയറും തൃശൂർ എൻജിനീയറിങ് കോളജും പാലക്കാട് എൻഐടിയും ആകാശപ്പാതയ്ക്ക് സർട്ടിഫിക്കേഷൻ നൽകിയതാണെന്നു തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അറിയിച്ചെങ്കിലും അവയെല്ലാം കടലാസുകളിൽ മാത്രമായൊതുങ്ങി. താൻ മന്ത്രിയായിരുന്ന സമയത്ത് കുടിവെള്ള പദ്ധതിക്കു പണം നൽകാത്തതിലെ മുൻവൈരാഗ്യം മൂലമാണു കോട്ടയത്ത് ആകാശപ്പാത നിർമിക്കാൻ മന്ത്രി തടസ്സം നിൽക്കുന്നതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നത്. കോട്ടയത്തിന്റെ പൂവണിയാത്ത പോയ സ്വപ്നമാണ് നഗരത്തിന്റെ നടുക്ക് വെയിലും മഴയുമേറ്റു തുരുമ്പിച്ചു നിൽക്കുന്നത്. 2023 ൽ വീണ്ടും കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വയ്ക്കുകയും ഹൈക്കോടതി ഇടപെടലിൽ കോട്ടയത്ത് ആകാശപ്പാതയുടെ ബലപരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതും പാതിവഴിയിൽ അവസാനിക്കുകയായിരുന്നു.
