ലക്ഷം കുടുംബങ്ങളിലേക്ക് സൗഹൃദ സാന്നിധ്യം: പുതിയ ചുവടുമായി കുടുംബശ്രീ.


കോട്ടയം: 50 ലക്ഷം കുടുംബങ്ങളെ കുടുംബശ്രീ സംഘടന സംവിധാനത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷൻ 50 പ്ലസ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. കോട്ടയം ജില്ലയിൽ നിലവിൽ 15,627 അയൽക്കൂട്ടങ്ങളിലായി 23,2303 അംഗങ്ങളാണുള്ളത്.

 

 നിലവിൽ 48 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയുടെ ഭാഗമായിട്ടുണ്ട്. നിർജീവമായ അയൽക്കൂട്ടങ്ങളെ സജീവമാക്കുക, കൊഴിഞ്ഞുപോയ അയൽക്കൂട്ടങ്ങളെ തിരികെ കൊണ്ടുവരുക, ഇതുവരെ അയൽക്കൂട്ടങ്ങളിൽ അല്ലാത്ത കുടുംബങ്ങളെ ചേർക്കുക, പ്രത്യേക അയൽക്കൂട്ട രൂപീകരണം എന്നിവ ലക്ഷ്യമിടുന്നു. എ.ഡി.എസുകളുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ നടക്കുന്നത്.

 

 941 ഗ്രാമ സി.ഡി.എസ്. കുടുംബങ്ങൾ ഉൾപ്പെടെ 1070 സി.ഡി.എസുകളാണ് കുടുംബശ്രീയിൽ ഉള്ളത്. അയൽക്കൂട്ടങ്ങൾ ഗണ്യമായി കുറവുള്ള തീരദേശ മേഖല, ആദിവാസി മേഖല, ഭാഷാ ന്യൂനപക്ഷമായ തമിഴ്, കന്നഡ മേഖലകൾ,  അയൽക്കൂട്ടങ്ങൾ കുറവുള്ള സി.ഡി.എസ.് എന്നിവിടങ്ങളിൽ പ്രത്യേക പരിഗണന നൽകിയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ഇതുവരെ അയൽക്കൂട്ടത്തിൽ അംഗത്വം എടുക്കാത്തവരെയും കൊഴിഞ്ഞുപോയ അംഗങ്ങളുടെയും വീടുകളിൽ നേരിട്ട് സന്ദർശനം നടത്തും. ജില്ലയിലെ അർഹരായ എല്ലാ കുടുംബങ്ങളെയും സംഘടനയുടെ ഭാഗമാക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും ജില്ലാ സി.ഡി.എസുകളിൽ നടന്നുവരുന്നുണ്ട്.