കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തെ പരിഹസിച്ചു മന്ത്രി വി എൻ വാസവൻ.
കെട്ടിടം ആരോഗ്യമന്ത്രി തള്ളിയിട്ടതല്ലല്ലോ,വിമാനാപകടം ഉണ്ടായാല്‍ പ്രധാനമന്ത്രി രാജിവെക്കാന്‍ പറയുമോ, ഇത്തരമൊരു അപകടം സംഭവിച്ചത് ദൗർഭാഗ്യകരം ആണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു നടക്കുന്ന പ്രതിഷേധ പരിപാടികളിൽ സർക്കാരിന്റെ നിലപാട് എന്താണെന്നു ചോദിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി പറഞ്ഞത്.
അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും സംഭവസ്ഥലത്തെത്തിയപ്പോള്‍ അറിഞ്ഞ വിവരങ്ങള്‍ മന്ത്രിമാരുമായി പങ്കുവെക്കുക മാത്രമാണ് ഡോ. ജയകുമാര്‍ ചെയ്തതെന്നും അദ്ദേഹത്തെക്കുറിച്ച് അനാവശ്യമായി അപവാദപ്രചാരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ കെട്ടിടം ശോചനീയാവസ്ഥയിലെന്ന് റിപ്പോർട്ട് നൽകി. എന്നാൽ ഒരു രൂപ പോലും അന്ന് അനുവദിച്ചില്ല,എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് തുക അനുവദിച്ചത്. നിരവധി കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ എൽ ഡി എഫ് സർക്കാർ പൂർത്തിയാക്കിയത് എന്നും മന്ത്രി പറഞ്ഞു. ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ? അങ്ങനെയെങ്കിൽ മന്ത്രി മാരുടെ സ്ഥിതി എന്താകുമെന്നും മന്ത്രി ചോദിച്ചു.