കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഇടപെടൽ നടത്തിയ പുതുപ്പളി എം എൽ എ ചാണ്ടി ഉമ്മനെ പ്രശംസിച്ചു വൈകാരിക കുറുപ്പുമായി ചാണ്ടി ഉമ്മന്‍റെ സഹോദരി മറിയ ഉമ്മൻ.
സമൂഹമാധ്യമത്തിലാണ് മറിയ ഉമ്മൻ കുറിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ ഇടപെടൽ നടത്തിയ ചാണ്ടി ഉമ്മാന്റെ പ്രവർത്തിയിലൂടെ, മറ്റുള്ളവരോടുള്ള സഹാനുഭൂതി കാണുമ്പോള്‍ അപ്പായെയാണ് ഓര്‍മ്മ വരുന്നത് എന്ന് മറിയ ഉമ്മൻ കുറിച്ചു. ചാണ്ടിയിലൂടെ അപ്പയെ വീണ്ടും കണ്ടുവെന്നും അദ്ദേഹത്തിന്റെ ആത്മാവ് ജീവിക്കുന്നു എന്നും മറിയ ഉമ്മൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ചില ഇടപെടലുകൾ ഒരു സാഹചര്യത്തിന്റെ ഗതി മാറ്റുക മാത്രമല്ല, കളിയുടെ നിയമങ്ങൾ തിരുത്തിയെഴുതുകയും ചെയ്യുമെന്നും കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തെത്തുടർന്ന് നമ്മൾ കണ്ടത് വെറുമൊരു പ്രതികരണമായിരുന്നില്ല, മറിച്ച് ഒരു പ്രതിഫലനമായിരുന്നു എന്നും മറിയ ഉമ്മൻ കുറിച്ചു. മകളുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ തലയോലപ്പറമ്പ് പള്ളിക്കവല സ്വദേശിനി ബിന്ദുവാണ് മരണപ്പെട്ടത്. അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചിരുന്നു. വീട് പണി പൂർത്തിയാക്കാനാണ് 'ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ' വഴിയാണ് സഹായം നൽകുക.