കോട്ടയം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇനി ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും ഇനി പുറത്തു പോകണ്ട. ലഘു ഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ,സാനിറ്ററി നാപ്കിൻ,എന്നിവ സ്കൂൾ കോമ്പൗണ്ടിലെ കിയോസ്കിൽ ലഭിക്കുന്ന മാകെയർ പദ്ധതി ജില്ലയിലെ സ്കൂളുകളിൽ ആരംഭിച്ചു.

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. മിതമായ നിരക്കിലാകും കിയോസ്കുകളിലെ വിൽപ്പന. സ്കൂൾ സമയത്ത് വിദ്യാർത്ഥികൾ പുറത്തുപോകുന്നത് ഒഴിവാക്കാനും പദ്ധതിയിലൂടെ സാധിക്കും. കുടുംബശ്രീ വനിതകൾക്ക് വരുമാനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കിയോസ്കുകൾ നടത്താൻ താല്പര്യമുള്ള സംരംഭകരെ സിഡിഎസ്സിന്റെ പിന്തുണയോടെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ പരിശീലനം നടക്കും കുടുംബശ്രീയുടെ വിവിധ പദ്ധതികളിലൂടെ സഹായവും നൽകും. കരിക്കാട്ടൂർ സിസിഎം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു സുരേഷ് സ്വാഗതം പറഞ്ഞു, മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിറിൽ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി ആർ അനുപമ, സ്കൂൾ മാനേജർ ഫാദർ സണ്ണി പൊരിയത്ത്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജമീല പി എസ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മോളി മൈക്കിൾ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെസിയ ബീവി, കുടുംബശ്രീ മെമ്പർ സെക്രട്ടറി ജോയ് സെബാസ്റ്റ്യൻ,സ്കൂൾ ഹെഡ്മാസ്റ്റർ ഷിനോജ് ജോസഫ്, സ്കൂൾ പ്രിൻസിപ്പൽ ഷാജി കുര്യാക്കോസ്, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ മാർട്ടിൻ തോമസ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, സി ഡി എസ് അക്കൗണ്ടൻറ് ദീപ ഗോപാൽ, സംരംഭക ലിറ്റി, എം ഇ സി അർച്ചന ജി നായർ, സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
