കാട്ടാനയ്ക്കും കാട്ട്പോത്തിനും പെരുമ്പാമ്പിനും കാട്ടുപന്നിക്കും പിന്നാലെ പുലി ഭീതിയിൽ മലയോരം, വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി ജനം, ചാത്തൻതറയിലും പൊന്തൻ


എരുമേലി: കാട്ടാനയുടെയും പെരുമ്പാമ്പിന്റെയും കാട്ടുപന്നികളുടെയും ഭീതിപ്പെടുത്തുന്ന ശല്യങ്ങൾക്ക് പിന്നാലെ ഇപ്പോൾ പുലി ഭീതിയിലാണ് കോട്ടയം ജില്ലയുടെ മലയോര മേഖല. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ജില്ലയുടെ മലയോര മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്.

 

 ചാത്തൻതറയിലും പൊന്തൻപുഴയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞതോടെ മേഖലയിലെ ജനം ഭീതിയിലാണ്. ചാത്തൻതറ താന്നിക്കാപുഴയിലാണ് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചത്. ടാപ്പിംഗ് തൊഴിലാളിയാണ് പുലിയെ കണ്ടത്. സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയാണെന്നു സ്ഥിരീകരിച്ചതോടെ കെണിയൊരുക്കി കൂട് സ്ഥാപിച്ചു. മേഖലയിൽ പുലിയെന്നു തോന്നും വിധം സാന്നിധ്യം നിരവധിപ്പേർ പറഞ്ഞിരുന്നു. വന്യമൃഗ ശല്യത്തിൽ നിരവധി ജീവനുകളാണ് നഷ്ടമായത്.

 

 കാട്ടുപോത്ത് ആക്രമണത്തിൽ രണ്ട് പേരും ആനയുടെ ആക്രമണത്തിൽ രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു. കാടിറങ്ങി വന്യമൃഗങ്ങൾ ഇപ്പോൾ നാട്ടിലേക്കാണ് എത്തുന്നത്. കോരുത്തോട്, പമ്പാവാലി, കണ്ണിമല, കൊമ്പുകുത്തി,ചെന്നാപ്പാറ തുടങ്ങിയ വിവിധ മേഖലകളിലാണ് പലപ്പോഴായിൽ കാട്ടാന കൃഷിയിടങ്ങൾ നശിപ്പിച്ചത്. എരുമേലി,മുക്കൂട്ടുതറ,ചാത്തൻതറ തുടങ്ങിയ മേഖലകളിൽ പെരുമ്പാമ്പ് ശല്യവും രൂക്ഷമാണ്. ഭീതിയോടെ മലയോര മേഖല കഴിയുന്നതിനിടെയാണ് ഇപ്പോൾ പുലി ഭീതിയിലായിരിക്കുന്നത്. ഒരിക്കൽ വീടിന്റെ മുറ്റത്ത് നിന്നും പുലിയുടെ മുന്നിൽ നിന്നും രക്ഷപ്പെട്ട വീട്ടമ്മയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. മുണ്ടക്കയം ചെന്നാപ്പാറയിൽ നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ(45) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് കണ്ണിമലയിൽ നിന്നും പുലിയെ വനം വകുപ്പ് പിടികൂടിയത്. അന്ന് കണ്ണിമലയിൽ കൂപ്പ് ഭാഗത്ത് പന്തിരുവേലിൽ സബിന്റെ കൂട്ടിൽ നിന്ന ആടിനെ പുലി ആക്രമിച്ച് കൊന്നിരുന്നു. കാട്ടാന, പുലി തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങിയതുമൂലം പ്രദേശവാസികൾ വലിയ ഭീതിയോടെയാണ് കഴിയുന്നത്. രാത്രി കാലങ്ങളിൽ കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് അതിക്രമിച്ചു കയറുകയും കൃഷി നശിപ്പിക്കുകയും ചെയ്യുക പതിവായി മാറിയിരിക്കുകയാണ്. വീട്ടുമുറ്റത്ത് വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) നെയാണ് കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്. എരുമേലി ചരള മേഖലകളിൽ കാട്ടുപന്നിയുടെയും പെരുമ്പാമ്പിന്റെയും ശല്യം രൂക്ഷമായിരിക്കുകയാണ്. എരുമേലിയിൽ ബാങ്കിന്റെ എ ടി എം കൗണ്ടറിന്റെ ചില്ല് കാട്ടുപന്നി തകർത്തിരുന്നു. പനമെടുക്കാനായി ഉള്ളിലുണ്ടായിരുന്നയാൾ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി, കണ്ണാട്ട് കവല, പന്നിവെട്ടുംപാറ, മുണ്ടക്കയം,എരുമേലി പഞ്ചായത്തുകളിലായി വരുന്ന മഞ്ഞളരുവി, കുളമാക്കൽ, മമ്പാടി, പാക്കാനം തുടങ്ങി കാട്ടാന ആക്രമണം ഉൾപ്പെടെ ഏറ്റവും രൂക്ഷമായ വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളാണ്. വലിയകാവ്-പൊന്തൻപുഴ റോഡിൽ പുലിയെ കണ്ടെന്ന വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് വനപാലകർ നിർദ്ദേശിച്ചു. അടുത്ത കാലത്തായി വലിയകാവ് പൊന്തൻപുഴ റോഡിൽ തെരുവ് നായ്ക്കളെ കാണാൻ കഴിയാത്തതും പുലിയുടെ സാന്നിധ്യത്തെ ബലപ്പെടുത്തുന്നതാണെന്നാണ് വനപാലകരുടെ നിഗമനം. അതിനാൽ കുറെ ദിവസങ്ങൾ നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും വനപാലകർ അറിയിച്ചിട്ടുണ്ട്.