മണിമല: കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി നാശനഷ്ടങ്ങളാണുണ്ടായത്. കൂറ്റൻ മരങ്ങൾ കടപുഴകി വീണു നിരവധി വൈദ്യുതി ലൈനുകൾ പൊട്ടുകയും ഇലക്ട്രിക് പോസ്റ്റുകൾ ഒടിയുകയും ചെയ്തിരുന്നു.
ജില്ലയിലെ കെ എസ് ഇ ബി ജീവനക്കാർ രാവിനെ പകലാക്കിയാണ് തകരാറുകൾ പരിഹരിച്ചത്. ഒടിഞ്ഞ പോസ്റ്റുകൾ മാറുകയും ലൈനുകൾ പൂർവ്വസ്ഥിതിയിലാക്കുകയും പരാതികളിൽ കഴിയുന്നതിലും ഇരട്ടി വേഗത്തിൽ കണക്ഷനുകൾ നൽകി പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ കാറ്റിലുണ്ടായ നാശനഷ്ടങ്ങളിൽ 4 ദിവസം പിന്നിട്ടിട്ടും സമീപ വീടുകളിലെല്ലാം വൈദ്യുതി ലഭ്യമായിട്ടും മണിമല കെ എസ് ഇ ബി യുടെ അനാസ്ഥയിൽ വൈകുന്നേരമായാൽ ഇരുട്ടിൽ തപ്പുകയാണ് മണിമല കോട്ടാങ്ങൽ റോഡിൽ കാവുംപടിക്ക് സമീപമുള്ള വീട്ടിലെ വയോധിക ദമ്പതികൾ.
മണിമല ചിറ്റേടത് അപ്പച്ചന്റെ(ആൻഡ്രൂസ്) വീട്ടിലാണ് 4 ദിവസം കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാതിരിക്കുന്നത്. അതിശക്തമായ കാറ്റിൽ ഇവരുടെ വീടിനു സമീപത്തും റോഡിലേക്കും മരങ്ങൾ വീണു വൈദ്യുതി കമ്പികൾ പൊട്ടിയിരുന്നു. മണിമല കെ എസ് ഇ ബി ജീവനക്കാർ എത്തി തകരാറുകൾ പരിഹരിക്കുകയും സമീപ വീടുകളിലെല്ലാം വൈദ്യുതി ലഭ്യമാകുകയും ചെയ്തു. ശക്തമായ കാറ്റിൽ അടുത്ത പറമ്പിലെ മരം വൈദ്യുതി കമ്പിയിലേക്ക് വീണപ്പോൾ ഈ വീട്ടിലെ കണക്ഷൻ വയർ വിട്ടു പോകുകയായിരുന്നു. കെ എസ് ഇ ബി ജീവനക്കാർ ഈ കണക്ഷൻ വയർ ഇതുവരെയും കെട്ടി നൽകാൻ തയ്യാറായിട്ടില്ല. 70 വയസ്സിനു മുകളിൽ പ്രായമുള്ള വയോധിക ദമ്പതികൾ നിരവധി തവണ മണിമല കെ എസ് ഇ ബി ഓഫീസിൽ വിളിച്ചു പരാതി പറഞ്ഞെങ്കിലും ഇപ്പോൾ വന്നു ശെരിയാക്കാം എന്ന മറുപടി മാത്രമാണുണ്ടായത്. 4 ദിവസമായി വൈദ്യുതി ലഭ്യമല്ലാത്തതിനാൽ ഇവർ ഗ്രാമ പഞ്ചായത്ത് അംഗത്തോടും കെ എസ് ഇ ബി അധികൃതരോടും പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. നേരമിരുട്ടുന്നതോടെ മെഴുക് തിരി വെളിച്ചമാണ് ഇപ്പോൾ ഇവർക്ക് ആശ്രയം. പ്രായാധിക്യവും അസുഖങ്ങളും മൂലം ബുദ്ധിമുട്ടുന്ന ഇവർ എത്രയും വേഗം വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു നൽകണമെന്ന അപേക്ഷയിലാണ്.