കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ വെള്ളിയും ശനിയും (ജൂലൈ 25, 26) ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജില്ലയിൽ ജൂലൈ 24 (വ്യാഴം) മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് അർഥമാക്കുന്നത്. ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴയ്ക്കു സാധ്യത കണക്കിലെടുത്തു ജില്ലയിൽ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (ജൂലൈ 25) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവിറക്കിയിരിക്കുന്നത്. അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ജൂലൈ 28 വരെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ജൂലൈ 28 വരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.