ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷന് തറക്കല്ലിട്ടു, ജനങ്ങളുടെ അഭിലാഷങ്ങൾ നല്ല രീതിയിൽ പൂർത്തീകരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്: പി.എ. മുഹമ്മദ് റിയാ


ഏറ്റുമാനൂർ: ജനങ്ങളുടെ അഭിലാഷങ്ങൾ നല്ല രീതിയിൽ പൂർത്തീകരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

 സമാനതകളില്ലാത്ത വികസനക്കുതിപ്പാണ് മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ നടന്നു വരുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകൾ, പാലങ്ങൾ, ബൈപ്പാസുകൾ , ജംഗ്ഷനുകളുടെ നവീകരണം തുടങ്ങി പശ്ചാത്തല വികസന രംഗത്ത് കേരളം വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഇതിൻ്റെയെല്ലാം ആകെത്തുകയാണ് കേരളത്തിലെ വികസന മുന്നേറ്റം. ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

 

 ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ  സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഭാവിയിൽ ഏറ്റുമാനൂരിനെ താലൂക്ക് ആക്കി ഉയർത്തുകയെന്ന ലക്ഷ്യം കൂടി മുന്നിൽകണ്ടാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പലവിധ തടസ്സങ്ങൾ മറികടന്നാണ് സിവിൽ സ്റ്റേഷൻ നിർമാണത്തിന് തുടക്കമിടുന്നത്. സ്ഥലം സംബന്ധിച്ച തർക്കം ഉണ്ടായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് യോഗം വിളിച്ചാണ് ഭൂമി വിട്ടു നൽകാൻ നടപടിയെടുത്തത്. ഏറ്റുമാനൂരിൽ ബഹുനില കോടതി സമുച്ഛയത്തിൻ്റെ നിർമാണോദ്ഘാടനവും ഉടൻ നടത്തുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മിനി സിവിൽ സ്റ്റേഷൻ്റെ തറക്കല്ലിടലും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നഗരസഭാംഗം രശ്മി ശ്യാം, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ,  അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, മുൻ എം.പി. തോമസ് ചാഴികാടൻ, എ.ഡി.എം. എസ്. ശ്രീജിത്ത്, സംഘാടകസമിതി ചെയർമാൻ ഇ.എസ്. ബിജു, വനം വികസന കോർപറേഷൻ അധ്യക്ഷ ലതിക സുഭാഷ്, പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ദീപ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. രൂപേഷ്, ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കൽ, മാന്നാനം കെ.ഇ. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി, ഫാ. സുനിൽ പെരുമാനൂർ(ചൈതന്യ പാസ്റ്ററൽ സെന്റർ),  സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, ജോസ് ഇടവഴിക്കൽ, പി.വി. മൈക്കിൾ, കെ എ. കുഞ്ഞച്ചൻ,  രാജീവ് നെല്ലിക്കുന്നേൽ,വ്യാപാരി വ്യവസായി പ്രതിനിധികളായ എൻ.പി. തോമസ് , സെബാസ്റ്റ്യൻ വാളംപറമ്പിൽ,  എന്നിവർ പ്രസംഗിച്ചു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള 70 സെൻ്റ് സ്ഥലത്താണ് 32 കോടി രൂപ മുടക്കി മൂന്നു നിലകളിലായി മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. ആദ്യഘട്ട നിർമ്മാണത്തിന് 15 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.