സംയുക്ത ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ.


കോട്ടയം: കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. സംസ്ഥാനത്ത് ഭരണപക്ഷ-പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്.

 

 പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. 17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

 

 സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ - വ്യവസായ മേഖലയിലെ തൊഴിലാളികളും, കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാർ, ബാങ്ക് ഇൻഷുറൻസ് തപാൽ ടെലികോം തുടങ്ങിയ മേഖലയിലെ ജീവനക്കാരും പണിമുടക്കിൽ ഭാഗമാകും. പാൽ ആശുപത്രി അടക്കമുള്ള അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുക.