എരുമേലി: എരുമേലിയിൽ കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായ ടോറസ് ലോറി മറ്റൊരു ടോറസ് ലോറിയിൽ ഇടിച്ചു നിർത്തിയതിനാൽ ഒഴിവായത് വലിയ അപകടം.
ബുധനാഴ്ച രാവിലെ ശബരിമല പാതയിൽ എരുമേലി മുക്കൂട്ടുതറ റോഡിൽ കരിങ്കല്ലുംമൂഴി ഇറക്കത്തിലാണ് അപകടം ഉണ്ടായത്. നിറയെ കരിങ്കല്ലുമായി ഇറക്കം ഇറങ്ങി വരുന്നതിനിടെയാണ് ടോറസ് ലോറിയുടെ ബ്രേക്ക് നഷ്ടമായത്. ഉടനെ തന്നെ മുൻപിൽ പോയ ടോറസ് ലോറിയിൽ ഇടിച്ചു നിർത്തുകയായിരുന്നു. ഡ്രൈവറുടെ മനോധൈര്യത്തിൽ വലിയ അപകടമാണ് ഒഴിവായത്.
ഈ സമയം എതിരെ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വാഹനം പിടിപ്പിച്ചു നിർത്താൻ സാധിച്ചില്ലായിരുന്നെങ്കിൽ എതിരെയെത്തുന്ന വാഹനങ്ങളെയും ഇടിച്ചു റോഡിനടിവശത്തുള്ള വീടിനു മുകളിലേക്ക് വാഹനം പതിക്കുമായിരുന്നു. ഇതോടെ റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. എരുമേലി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ശബരിമല നട തുറന്നതിനാൽ തീർത്ഥാടകരുടേതടക്കം വാഹനങ്ങൾ ഇതുവാസീ എത്തിയിരുന്നു. ഉച്ചയോടെ വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി ക്രെയിൻ ഉപയോഗിച്ചാണ് വാഹനം നീക്കിയത്. മുൻപും നിറയെ ലോഡുമായി എത്തിയ ടോറസ് ലോറി നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് കരിങ്കല്ലുംമൂഴി ഇറക്കത്തിൽ വീടിന്റെ മതിൽ ഇടിപ്പിച്ചു നിർത്തിയിരുന്നു.