കോട്ടയം കുറുപ്പന്തറയിൽ അറ്റകുറ്റപ്പണികൾക്കിടെ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് താഴെ വീണു കൈക്കാരന് ദാരുണാന്ത്യം.


കുറുപ്പന്തറ: കോട്ടയം കുറുപ്പന്തറയിൽ അറ്റകുറ്റപ്പണികൾക്കിടെ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് താഴെ വീണു 58 കാരൻ മരിച്ചു. കുറുപ്പന്തറ കുറുപ്പംപറമ്പിൽ ജോസഫ് (58) ആണ് മരിച്ചത്. കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ ഉച്ചക്ക് ഒരു മണിക്കായിരുന്നു അപകടം ഉണ്ടായത്.

 

 പള്ളിയുടെ മേൽക്കൂരയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ മുപ്പതടി ഉയരത്തിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. മൂന്നു പേരാണ് മുകളിൽ കയറി ജോലികൾ ചെയ്തുകൊണ്ടിരുന്നത്. പണികൾ നടത്തുന്നതിനിടെ സ്ക്കഫോൾഡിങ് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളികളായ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്.

 

 മണ്ണാറപ്പാറ സെന്റ്. സേവ്യഴ്സ് പള്ളിയിലെ കൈക്കാരനായിരുന്നു ജോസഫ്. അപകടം നടന്ന ഉടനെ തന്നെ മൂവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. ആസാം സ്വദേശികളായ ലോഗോണ്‍ കിഷ്‌കു(30), റോബി റാം സോറന്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെയും നില ഗുരുതരമാണ് എന്നാണു ലഭ്യമാകുന്ന വിവരം. കടുത്തുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.