കോട്ടയം: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് കോട്ടയം സ്വദേശിയായ യുവാവിൽ നിന്നും ഒന്നരക്കോടി രൂപയിലേറെ തട്ടിയെടുത്ത സംഭവത്തിൽ ആന്ധ്രാ സ്വദേശിയെ കോട്ടയം സൈബർ പോലീസ് വിശാഖപട്ടണത്ത് നിന്നും അറസ്റ്റ് ചെയ്തു.
ആന്ധ്ര സ്വദേശിയായ രമേഷ് വെല്ലംകുള (33) ആണ് അറസ്റ്റിലായത്. ഷെയര്‍ ട്രേഡിംഗിനെ കുറിച്ച് ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്ത യുവാവിന് ഷെയര്‍ ട്രേഡിംഗില്‍ താല്പര്യമുണ്ടെങ്കിൽ ഞങ്ങള്‍ സഹായിക്കാം എന്ന് കങ്കണ ശര്‍മയുടെ പേരിൽ വാട്‌സാപ്പില്‍ മെസ്സേജ് ലഭിക്കുകയായിരുന്നു. .
‘നുവാമ വെല്‍ത്ത്’ എന്നാണ് സ്ഥാപനത്തിന്റെ പേര് പരിചയപ്പെടുത്തിയത്. വാട്‌സ്ആപ്പ് വഴി ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്ത് യുവാവ് എത്തിപ്പെട്ടത് വ്യാജ കമ്പനിയുടെ സൈറ്റിലാണ്. ഇവർ അറിയിച്ചതനുസരിച്ചു ഷെയർ ട്രേഡിങ്ങിൽ മുൻ പരിചയമില്ലാത്ത യുവാവ് പലപ്പോഴായി 1 കോടി 64 ലക്ഷത്തിലേറെ രൂപ അയച്ചുകൊടുക്കുകയായിരുന്നു. സംശയം തോന്നാത്ത രീതിയില്‍ വിശ്വാസ്യത ഉറപ്പുവരുത്തിയാണ് വ്യാജ വെബ്സൈറ്റ് നിർമ്മിച്ചു യുവാവിൽ നിന്നും പണം തട്ടിയെടുത്തത്. തുടർന്ന് യുവാവിന്റെ പരാതിയിൽ കോട്ടയം സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.