കോട്ടയം: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചിട്ടും കോട്ടയത്തെത്തുന്ന വനിതകൾക്ക് പ്രയോജനമില്ലാതെ കോട്ടയം നഗരസഭയുടെ ഷീ ടോയ്‌ലെറ്റുകൾ. അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. തുറന്നു പ്രവർത്തിപ്പിക്കാൻ താല്പര്യമില്ലാത്ത മട്ടിലാണ് നഗരസഭയുടെ രീതികൾ.
തിരുനക്കര മൈതാനം, നാഗമ്പടം ബസ് സ്റ്റാൻഡ്, പഴയപൊലീസ് സ്റ്റേഷൻ മൈതാനം എന്നിവിടങ്ങളിലായി പണിതിട്ടുള്ള 'വനിതകളുടെ കൂട്ടുകാരി' സ്ത്രീകൾക്കായുള്ള ശൗചാലയമാണ് പൂട്ടിക്കിടക്കുന്നത്. ഇതുമൂലം കോട്ടയത്ത് എത്തുന്ന വനിതകൾക്ക് ഇപ്പോൾ വ്യാപാര സ്ഥാപനങ്ങളിലെ ടോയ്‌ലെറ്റുകൾ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഏറെ ബുദ്ധിമുട്ടിലാണ് വനിതാ യാത്രക്കാർ.
സ്ത്രീ സൗഹൃദത്തോട് മുഖം തിരിച്ചു നിൽക്കുന്ന നിലപാടാണ് കോട്ടയം നഗരസഭയുടേതെന്നു വനിതാ യാത്രക്കാർ പരാതിപ്പെട്ടു. നഗരസഭയുടെ വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടത്തിയത്. മാസങ്ങളായി അടഞ്ഞു കിടക്കുന്നതിനാൽ നവീകരണ പ്രവർത്തനങ്ങൾ നടത്താതെ തുറന്നു നൽകാനാവില്ല.
കോട്ടയം നഗരസഭാ ബഡ്ജറ്റിൽ ടോയ്ലെറ്റുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചതായാണ് പറയുന്നത്. എന്നാൽ നാളിതുവരെയായിട്ടും പ്രവർത്തനങ്ങൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ഭയമില്ലാതെ ഉപയോഗിക്കുന്നതിനാണ് സ്ത്രീകൾക്ക് മാത്രമായുള്ള ശൗചാലയം തുറന്നത്. എന്നാൽ അത് പൂട്ടിയതോടെ സ്റ്റാൻഡിലുള്ള മറ്റു ശൗചാലയം ഉപയോഗിക്കാൻ സ്ത്രീകൾ മടിക്കുന്നുണ്ട്. സ്ത്രീകളുടെ മേൽനോട്ടത്തിലുള്ള നഗരത്തിലെ ഏക പൊതു ശൗചാലയം നാഗമ്പടത്തെ വഴിയിടം-ടേക്ക് എ-ബ്രേക്ക് ആണ്.