സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു, അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത.


കോട്ടയം: സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂൺ 12 മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്.

 

 വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ഒഡിഷയുടെ വടക്കൻതീരം, ഗംഗതട പശ്ചിമ ബംഗാൾ എന്നിവയുടെ മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

 

 ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂൺ 12-16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

 

ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ശനിയാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.