കുമരകത്ത് വില്പനയ്ക്ക് എത്തിച്ച എം ഡി എം എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ.

കുമരകം: കുമരകത്ത് വില്പനയ്ക്ക് എത്തിച്ച എം ഡി എം എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ. തിരുവാർപ്പ് കാഞ്ഞിരം പാറേനാല്പതിൽ വീട്ടിൽ  ജെറിൻ പി ആർ (26), ചെങ്ങളം പരുത്തിയകം ഭാഗത്ത് മാലിയിൽ വീട്ടിൽ കിരൺ( 24), കിളിരൂർ പരുത്തിയകം ഭാഗത്ത് സർപ്പപറമ്പിൽ വീട്ടിൽ അഭിജിത്ത് (23) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

 

 ശനിയാഴ്ച രാത്രി 9.45-ഓടെയായിരുന്നു സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജെറിനും സുഹൃത്തുക്കളും പരുത്തിയകം ഭാഗത്ത് മയക്കുമരുന്ന് വിൽപ്പനയ്ക്കായി നില്‍ക്കവേയാണ് മൂവരും പോലീസ് പിടിയിലായത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ അതിസാഹസികമായി കീഴ്പ്പെടുത്തുകയുമായിരുന്നു.

 

പ്രതികളുടെ ദേഹ പരിശോധന നടത്തിയതിൽ സിപ് കവറുകളിലാക്കി വില്പനക്ക് സൂക്ഷിച്ച 01.21 ഗ്രാം എം ഡി എം എ കണ്ടെത്തി. കോട്ടയം എക്സൈസ് റെയിഞ്ച്, കോട്ടയം ഈസ്റ്റ്, വെസ്റ്റ് കുമരകം സ്റ്റേഷനുകളിലായി എൻഡിപിഎസ് കൊലപാതകശ്രമം, അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് കേസിലെ ഒന്നാംപ്രതി ജെറിൻ.

 

 മൂന്നാം പ്രതി അഭിജിത്തിന്റെ പേരിൽ കുമരകത്ത് എൻഡിപിഎസ് കേസ് നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ അധ്യായന വർഷം തുടങ്ങുന്നതിനോട് അനുബന്ധിച്ച്  ജില്ലയിൽ ആകമാനം കർശന പരിശോധനയും ബോധവൽക്കരണവും തുടരുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് അറിയിച്ചു.