കോട്ടയം: കോട്ടയം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥി ജര്‍മനിയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാണക്കാരി കാട്ടാത്തിയില്‍ റോയിയുടെയും ബിന്ദുവിന്റേയും മകൻ അമലിനെയാണ് (22) ജർമ്മനിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെ അമലിനെ കാണാനില്ലെന്നു കോളേജ് അധികൃതർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ മകൻ മരിച്ചെന്ന വാർത്തയാണ് മാതാപിതാക്കളെ അറിയിച്ചത്. നഴ്സിങ് പഠനത്തിനായി എട്ടുമാസം മുമ്പാണ് അമൽ ജർമനിയിൽ എത്തിയത്.
ഏജൻസിയെയും കോളളജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിക്കാഞ്ഞതിനെ തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും ഏറ്റുമാനൂർ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കേരള പൊലീസ് ജർമൻ പൊലീസിൽ അന്വേഷിച്ചപ്പോഴാണ് അമൽ ആത്മഹത്യ ചെയ്തതാണെന്ന് വിവരം പൊലീസിന് ലഭിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.