കോട്ടയം: വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
സിലബസിനപ്പുറമുള്ള അറിവുകൾ നേടാൻ വായനയിലൂടെയേ കഴിയൂവെന്നും വായനയെ ലഹരിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. വായിച്ചെങ്കിൽ മാത്രമേ വളരാനാകൂ. ഒരു സമൂഹത്തെ വായനയിലേക്ക് ആനയിക്കാൻ പ്രചോദനമായ പി.എൻ. പണിക്കർ വായനയുടെ പ്രസക്തി ജനങ്ങളിലെത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. കവിതകൾ ചൊല്ലിയും സാഹിത്യകാരന്മാരേക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചും വിദ്യാർഥികളുമായി ഏറെ നേരം സംവദിച്ച മന്ത്രി ശരിയുത്തരം പറഞ്ഞവർക്ക് തൽസമയം സമ്മാനങ്ങളും നൽകി.
കഴിഞ്ഞ അധ്യയനവർഷം മാന്നാനം സെന്റ് എംഫ്രേസ് സ്‌കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 55 വിദ്യാർഥികൾക്കുള്ള പുരസ്‌കാര വിതരണങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഉപ ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ്, സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ ജനറൽ സെക്രട്ടറി പി.ജി.എം. നായർ,സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, അക്ഷരമ്യൂസിയം സ്‌പെഷ്യൽ ഓഫീസർ എസ്. സന്തോഷ് കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കഞ്ചേരി, മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമം മാനേജർ ഫാ. കുര്യൻ ചാലങ്ങാടി, മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ടെസി ലൂക്കോസ്, ഹെഡ് മാസ്റ്റർ ബെന്നി സ്‌കറിയ, പി.ടി.എ. പ്രസിഡന്റ് അഡ്വ. സി.ആർ. സിന്ധുമോൾ, എന്നിവർ പ്രസംഗിച്ചു. വിവര പൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, കുടുംബശ്രീ, സാക്ഷരതാ മിഷൻ, തദ്ദേശ സ്വയംഭരണവകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, അക്ഷരം മ്യൂസിയം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ജില്ലയിൽ ജൂൺ 19 മുതൽ ജൂലൈ ഏഴുവരെ വായനപക്ഷാചരണം സംഘടിപ്പിക്കുന്നത്.