കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നം കൊല്ലംപറമ്പില്‍ കെ.എസ്. റഹീമിനെ (55) ആണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഏഴാംക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ 2025 ഫെബ്രുവരി മുതല്‍ ജൂണ്‍വരെ വരെയുള്ള കാലയളവില്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ഈ കാലയളവിൽ കുട്ടിയെ ലൈംഗികോദ്ദേശ്യത്തോടെ ആക്രമിക്കുകയും, ഇഷ്ടമാണെന്നു പറയുകയും തിരിച്ചു ഇഷ്ടമാണെന്നു പറയാൻ ആവശ്യപ്പെടുകയുമായിരുന്നു.
പരാതിപ്പെട്ടാൽ കുട്ടിയേയും മാതാപിതാക്കളെയും ഉപദ്രവിക്കുമെന്നും സ്‌കൂൾ ബസ്സിന് നാശം വരുത്തിയതായി സ്‌കൂളിൽ പരാതിപ്പെടുകയും ചെയ്യുമെന്നും ഇയാൾ കുട്ടിയോട് പറഞ്ഞിരുന്നു. വീട്ടിലെ ഫോൺ ഉപയോഗിച്ച് തന്നെ വിളിക്കാനും വാട്സാപ്പ് മെസേജുകൾ അയക്കാനും വിദ്യാർത്ഥിനിയെ ഇയാൾ നിർബന്ധിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.