ലഹരി വിപത്തിനെതിരെ കോൺക്ലേവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഡ്ര​ഗ്സിറ്റ് ( DRUXIT ) ലോ​ഗോ പ്രകാശനം ചെയ്തു.

കോട്ടയം: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി-മയക്കുമരുന്ന് ഉപയോ​ഗത്തിനെതിരെ ബോധവൽക്കരണവുമായി മലങ്കര ഓർത്ത‍ഡോക്സ് സുറിയാനി സഭ. ‍ഡ്ര​ഗ്സിറ്റ് സമ്മിറ്റ് ( DRUXIT SUMMIT) എന്ന പേരിൽ സംഘടിപ്പിക്കുന്ന ഏകദിന കോൺക്ലേവ് ജൂൺ 14 ശനിയാഴ്ച്ച സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കും.

 

മഹാരാഷ്ട്ര ​ഗവർണർ സി. പി. രാധാകൃഷ്ണൻ മുഖ്യാഥിതിയാകും. മത,സാമുദായിക,സാംസ്ക്കാരിക രം​ഗത്തെ പ്രമുഖർ രാവിലെ 10  മുതൽ വൈകുന്നേരം 4 വരെ നടക്കുന്ന കോൺക്ലേവിന്റെ ഭാ​ഗമാകും. ഡ്ര​ഗ്സിറ്റ് സമ്മിറ്റിന്റെ ലോ​ഗോ  പരുമല സെമിനാരിയിൽ വെച്ച് നടന്ന ചടങ്ങിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വൈ​ദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിലിന് നൽകി പ്രകാശനം ചെയ്തു.

 

 മെത്രാപ്പോലീത്താമാരായ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഹ്യൂമൻ എംപവർമെന്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ  ഫാ. പി.എ.ഫിലിപ്പ്, പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ് തുടങ്ങിയവർ പ്രസം​ഗിച്ചു.