വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തി, കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയില്‍, മരണത്തിൽ ദുരൂഹത.


വൈക്കം: വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തി. ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരെ(54)യാണ് വൈക്കം തലയാഴം കരിയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

 

 വൈക്കം തോട്ടകം അട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ തീരത്ത് ആണ് ഫാം നടത്തിയിരുന്നത്. തിങ്കളാഴ്ച രാവിലെ മുതലാണ് വിപിൻ നായരെ കാണാതായത്. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ബുധനാഴ്ച വൈകീട്ട് മൂന്നിന് ആണ് ഫാമിന് സമീപം കരിയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

 

 മൃതദേഹത്തിൽ കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയില്‍ ആണ് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. മരണത്തിൽ ദുരൂഹതയുണ്ട്.

 

ഫാമിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ല. വിപിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഫാമിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.