കോട്ടയം: ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലിൽ നിന്നെത്തിയ വിമാനത്തിൽ 13 മലയാളികൾ. കോട്ടയം പാലാ സ്വദേശികളായ മൂന്നംഗ കുടുംബവും കോട്ടയം സ്വദേശിയും നാട്ടിലെത്തി.
കോട്ടയം പാലാ സ്വദേശി ലിറ്റോ ജോസ്, ഭാര്യ രേഷ്മ ജോസ്, മകൻ ഒരു വയസ്സുകാരൻ ജോഷ്വാ ഇമ്മാനുവേൽ ജോസ് എന്നിവരും കോട്ടയം സ്വദേശിയായ ജോബിൻ ജോസുമാണ് ഇസ്രായേലിൽ നിന്നെത്തിയ വിമാനത്തിൽ ഉണ്ടായിരുന്നത്. പോസ്റ്റ് ഡോക്ടറൽ പഠനത്തിനായാണ് രേഷ്മയും കുടുംബവും കഴിഞ്ഞ വർഷം ഇസ്രയേലിൽ എത്തിയത്.
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലിൽ നിന്നും പാലം എയർ പോർട്ടിൽ എത്തിയ മലയാളികളുൾപ്പടെയുള്ളവരെ കേന്ദ്ര പാർലിമെൻ്ററികാര്യ സഹമന്ത്രി എൽ.മുരുകൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ഇ.പി ശ്യാം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇസ്രയേലിൽനിന്ന് സി-17 വിമാനത്തിൽ ഇന്ന് എത്തിയത് 165 ഇന്ത്യക്കാരാണ്. കണ്ണൂർ സ്വദേശി സജിത് കുമാർ, തൃശൂർ സ്വദേശി അതുൽ കൃഷ്ണൻ, ഇടുക്കി സ്വദേശി ഷൺമുഖരാജൻ, ഭാര്യ ശരണ്യ, മലപ്പുറം സ്വദേശി ഉമേഷ് കെ.പി, മൂലമറ്റം സ്വദേശിനി മായമോൾ വി.ബി, തിരുവല്ല സ്വദേശിനി ഗായത്രീ ദേവി സലില, കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദ്, കൊല്ലം കൊട്ടാരക്കര സ്വദേശി ശ്രീലക്ഷ്മി തുളസിധരൻ എന്നിവരാണ് മലയാളി സംഘത്തിലെ മറ്റ് അംഗങ്ങൾ.