കോട്ടയം: സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തി. സംഭവം വിവാദമായതോടെ ജില്ലാ നേതൃത്വം പോസ്റ്റർ പിൻവലിച്ചു.
ദേശീയ പതാകയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രമായിരുന്നു സിപിഐയുടെ പോസ്റ്ററിലുണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ തയാറാക്കിയതായിരുന്നു ഈ പോസ്റ്റര്‍. എന്നാല്‍ വിവാദമാകുമെന്ന് കണ്ടതോടെ സിപിഐ നേതൃത്വം പോസ്റ്റര്‍ പിന്‍വലിക്കുകയായിരുന്നു.
മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്ന ജില്ലാ സെക്രട്ടറി വി ബി ബിനു എന്നിവരുടെ ചിത്രങ്ങളുള്ള പോസ്റ്ററിലാണ് ത്രിവർണ്ണ പതാക കയ്യിലേന്തിയ ഭാരതാംബയുടെ ചിത്രവും ഇടം പിടിച്ചത്.
പോസ്റ്റർ പിന്നീട് പിൻവലിച്ചെങ്കിലും അതിനകം പലയിടത്തും ഇത് ഷെയർ ചെയ്യപ്പെട്ടിരുന്നു. ജൂണ്‍ 13,14,15 തീയതികളിലായി കോട്ടയത്തിന് സമീപം പാക്കിലില്‍ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ പ്രചരണാർത്ഥമാണ് പോസ്റ്റര്‍ തയാറാക്കിയത്. ജില്ലാ സെക്രട്ടറി വി ബി ബിനു ആണ് പോസ്റ്റർ പിൻവലിക്കാൻ നിർദ്ദേശം നൽകിയത്. കൃഷിവകുപ്പ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നും നിലവിളക്ക് കൊളുത്തണെന്നും ഗവർണർ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.