കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു, ജില്ലയിൽ ഇന്ന് റെഡ് അലേർട്ട്, കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതി, മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും


കോട്ടയം: കോട്ടയം ജില്ലയിൽ മലയോര മേഖലകളിലുൾപ്പടെ ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

 

 അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും 24x7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.

 

 അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അതിതീവ്രമഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇതു മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം.

 

 നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ അറിയിച്ചു. അറബിക്കടലിൽ കേരളതീരത്ത് കാലാവർഷക്കാറ്റ് മണിക്കൂറിൽ 45-55 കിലോമീറ്റർ എന്ന നിലയിൽ ശക്തിപ്രാപിച്ചിട്ടുണ്ട്. മഴയ്ക്കു പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ നദികളിലും കൈത്തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.