കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രാത്രി മുഴുവനും ജില്ലയിൽ അതിശക്തമായ മഴയായിരുന്നു. മണിമല, മീനച്ചിൽ, മൂവാറ്റുപുഴ നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്.
ജില്ലയിൽ വിവിധ മേഖലകളിൽ ശക്തമായ മഴയാണ്. കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ മണിമല-മീനച്ചിൽ ആറുകളിൽ ജലനിരപ്പ് ഉയരുകയാണ്. വൈക്കം മേഖലയിൽ നൂറിലധികം വീടുകളിൽ വെള്ളം കയറി. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉദയനാപുരം, തലയാഴം, തലയോലപ്പറമ്പ് പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടെ നിന്നുമുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കുമരകം റോഡിന്റെ ഇല്ലിക്കൽ കവല, ചെങ്ങളം പെട്രോൾ പമ്പിനു സമീപം, ആമ്പക്കുഴി എന്നിവിടങ്ങളിൽ വെള്ളം കയറി.തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരം, കിളിരൂർ, ചെങ്ങളം, കുമ്മനം പ്രദേശങ്ങളിലും വെള്ളം കയറി.
ഫയൽ ചിത്രം.
