കോട്ടയം: അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയായി തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വ്വകലാശാല. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് സർവ്വകലാശാല പ്രസിദ്ധീകരിച്ചത്.
സംസ്ഥാനത്ത് ഈ വര്‍ഷം അവസാന സെമസ്റ്റര്‍ ഫലം ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കുന്ന സർവ്വകലാശാലയായും എം.ജി മാറിയിരിക്കുന്നു. ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായാണ് ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന പൂർത്തിയാക്കിയത്. മെയ് ഏഴിന് മൂല്യനിർണ്ണയം അവസാനിച്ചു.
മെയ് ഒമ്പതിന് അവസാന സെമസ്റ്റര്‍ വൈവ വോസി പരീക്ഷകളും പൂര്‍ത്തിയാക്കി. ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് തൊട്ടു മുന്‍പു നടന്ന അനുബന്ധ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ഫലമാണ് ഇപ്പോൾ സർവ്വകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണം, ചിട്ടയായ പ്രവര്‍ത്തനം എന്നിവയാണ് റെക്കോര്‍ഡ് വേഗത്തിലുള്ള ഫലപ്രഖ്യാപനത്തിലേക്ക് എത്തിച്ചത്. 2023ല്‍ പരീക്ഷ കഴിഞ്ഞ് പതിനാലും ദിവസവും 2024ല്‍ പത്താം ദിവസവും സര്‍വ്വകലാശാല അവസാന വര്‍ഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. നാലുവര്‍ഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം മൂന്നാം ദിവസം പ്രസിദ്ധീകരിച്ചും എം ജി സർവ്വകലാശാല, ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ സമഗ്രപരിഷ്കരണ സംരംഭങ്ങളിൽ തോളോടുതോൾ നിന്നിരുന്നു.