കോട്ടയം: അതിരമ്പുഴയില്‍ സംഘടിപ്പിക്കുന്ന കുടുംബശ്രീ അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംസ്ഥാന കലോത്സവം 'അരങ്ങ് 2025'ന്റെ സംഘാടക സമിതിയും ഉപസമിതികളും രൂപീകരിച്ചു. സഹകരണ-രജിസ്‌ട്രേഷന്‍-തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനവും അരങ്ങ് 2025 ലോഗോ പ്രകാശനവും നിര്‍വഹിച്ചു.
മന്ത്രി വി.എന്‍. വാസവനാണ് സംഘാടക സമിതി ചെയര്‍മാന്‍. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ കണ്‍വീനറും. 500 പേരാണ് സമിതികളില്‍ അംഗങ്ങളായുള്ളത്. എ.ഡി.എസ്്, സി.ഡി.എസ്, താലൂക്ക്, ജില്ലാതലങ്ങളില്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് വിജയിച്ചെത്തുന്ന 14 ജില്ലകളില്‍ നിന്നുള്ള 5000ത്തോളം വനിതകളാണ് അരങ്ങ് സംസ്ഥാന കലോത്സവത്തില്‍ മാറ്റുരയ്ക്കുക. 33 ഇനങ്ങളിലാണ് മത്സരങ്ങള്‍. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ മത്സരങ്ങളുണ്ട്. ആകെ 13 വേദികളും.
അതിരമ്പുഴ സെന്റ് മേരീസ് ഫോറോന പള്ളി ക്യാമ്പസ്സില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷയായി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്യാം കുമാര്‍ കെ.യു മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ പ്രൊ.റോസമ്മ സോണി, ബിന്ദു കെ.വി, ലൗലി ജോര്‍ജ്, ആര്യ രാജന്‍, അജയന്‍ കെ മേനോന്‍, ജോസ് അമ്പലക്കുളം, ജെയിംസ് കുര്യന്‍, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ കോട്ടയം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ്. കെ ദിവാകര്‍ സ്വാഗതവും അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍ നന്ദിയും പറഞ്ഞു. സംഘാടക സമിതി ജനറല്‍ കണ്‍വീനറായി ശ്യാം കുമാര്‍ കെ.യു, വര്‍ക്കിങ് കണ്‍വീനറായി അഭിലാഷ് കെ ദിവാകര്‍, സംഘാടക സമിതി അംഗങ്ങളായി ഹേമലത പ്രേം സാഗര്‍, ആര്യ രാജന്‍, ജോസ് അമ്പലക്കുളം എന്നിവരെയും തെരഞ്ഞെടുത്തു. ഏറ്റുമാനൂര്‍ ബ്ലോക്കിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ ചെയര്‍മാന്‍മാരാക്കിയും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരെ കണ്‍വീനര്‍മാരാക്കിയും ഉപസമിതികളും രൂപീകരിച്ചു.