നൂറ് രൂപയിൽ തുടങ്ങുന്ന ലേല തുക ആയിരവും, പതിനായിരവും കടന്ന് ലക്ഷത്തിലേക്ക്: പൊൻപള്ളി പള്ളിയിൽ കോഴി പൂവന്റെ ലേലം ഉറപ്പിച്ചത് 1,25,101 രൂപയ്ക്ക്.


കോട്ടയം: ഒരു പൂവൻ കോഴിക്ക് 1,25,101 രൂപ, പെട്ടെന്ന് കേൾക്കുമ്പോൾ ഒരു ഞെട്ടലുണ്ടായി അല്ലെ? എങ്കിൽ ഞെട്ടേണ്ട കോട്ടയം പൊൻപള്ളി പള്ളിയിൽ കോഴിപ്പൂവന്റെ ലേലം വാശിയേറിയതാണ്.

 

 കോട്ടയം നട്ടാശ്ശേരി പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ സമാപനത്തോടനുബന്ധിച്ചുള്ള കോഴി ലേലം ആണ് ഇത്തവണയും വാശിയേറി പൊടി പൊടിച്ചത്. കോഴി പൂവനെ ലേലം വിളിച്ചു തുടങ്ങിയപ്പോൾ ലേല തുക ആയിരവും, പതിനായിരവും കടന്ന് ലക്ഷത്തിലേക്ക് എത്തുകയായിരുന്നു.

 

 ഇടവകാംഗമായ സോണി ജേക്കബ് രാമനാമൂലയിലാണ് നേർച്ചയായി സമർപ്പിച്ച കോഴി പൂവനെ ലേലം വിളിച്ച് സ്വന്തമാക്കിയത്. കഴിഞ്ഞവർഷം 60,000 രൂപയ്ക്കാണ് പെരുന്നാളിനോടനുബന്ധിച്ചുള്ള പൂവൻകോഴിയുടെ ലേലം ഉറപ്പിച്ചത്. എല്ലാ വർഷവും പെരുന്നാളിനോടനുബന്ധിച്ച് പൂവൻ കോഴികളെ ലേലത്തിനായി എത്തിക്കാറുണ്ട്. ലേലത്തിലെ ആദ്യത്തെ കോഴിക്കാണ്‌ കൂടിയ തുക വിളിച്ചു ഉറപ്പിക്കുന്നത്. പള്ളിയുടെ ചരിത്രത്തിലെ റെക്കോർഡ് ലേലം വിളിയാണിതെന്ന് വികാരി ഫാ. ഷൈജു ജോസ് ചെന്നിക്കര പറഞ്ഞു.