കായികരംഗത്തിന് പ്രതീക്ഷ: കോട്ടയം ജില്ലയിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ഒൻപത് വർഷത്തിനിടെയുണ്ടായത് വൻകുതിപ്പ്.


കോട്ടയം: കോട്ടയം ജില്ലയുടെ കായികരംഗത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ ഒൻപത് വർഷത്തിനിടെയുണ്ടായത് വൻ മുന്നേറ്റം. ആധുനികനിലവാരത്തിലുള്ള സ്‌റ്റേഡിയങ്ങൾ, ടർഫ്,സ്വിമ്മിങ്ങ് പൂൾ തുടങ്ങി കായികമേഖലയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്.

 

 കായികവകുപ്പിനു കീഴിൽ നിരവധി പദ്ധതികൾ ജില്ലയിൽ പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്. 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയിലൂടെ ആറ് കളിക്കളങ്ങളാണ് ജില്ലയിൽ ഒരുങ്ങുന്നത്.6.97 കോടി രൂപ ചെലവഴിച്ച് ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പു പകരുന്ന ആറ് പദ്ധതികൾ ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. 3.50 കോടി രൂപ ചെലവിൽ പാലാ മുനിസിപ്പൽ സ്‌റ്റേഡിയം അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചു. ഭരണങ്ങാനത്ത് സ്വിമ്മിങ്ങ് പൂൾ നിർമാണവും പൂർത്തിയായി.

 

 പാലായിലും കോട്ടയത്തും സ്പോർട്സ് ഫിറ്റ്നസ് സെന്ററുകളിൽ വ്യായാമ ഉപകരണങ്ങൾ ലഭ്യമാക്കി. കൂടാതെ പാലാ ഫിറ്റ്നസ് സെന്ററിൽ ഇന്റീരിയർ വർക്കും നടത്തി. മഹാത്മാഗാന്ധി സർവകലാശാലയിൽ നാച്ചുറൽ ടർഫ് നിർമാണവും പൂർത്തിയാക്കി.ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയൂടെ ഭാഗമായി വൈക്കം അക്കരപ്പാടം ഗവൺമെന്റ് സ്‌കൂളിലും മണിമല ഗ്രാമപഞ്ചായത്തിലുമുള്ള കളിക്കളങ്ങൾ പൂർത്തികരണഘട്ടത്തിലാണ്. പൂഞ്ഞാർ, ചങ്ങനാശ്ശേരി,ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിലെ കളിക്കളം നിർമാണം നടന്നു വരുന്നു. കടുത്തുരുത്തിയിലേത് ഉടൻ തുടങ്ങും.വൈക്കത്ത് വെള്ളൂരിലുള്ള പെരുംതട്ട് സ്‌റ്റേഡിയത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. കാഞ്ഞിരപ്പള്ളി കെ. നാരായണക്കുറുപ്പ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. വൈക്കം ഗവൺമെന്റ് ബോയ്സ് സ്‌കൂൾ, വൈക്കം വെസ്റ്റ് വി.എച്ച്.എസ്.എസ് സ്‌കൂൾ എന്നിവിടങ്ങളിലെ കളിക്കള നിർമാണങ്ങൾ ടെൻഡർ ചെയ്തു. നവകേരള സദസിൽ വന്ന ആവശ്യത്തേത്തുടർന്നു പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മാടപ്പാട്ട്, കൂവപ്പള്ളി, ചേന്നാട് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി തുക ലഭ്യമാക്കിയിട്ടുമുണ്ട്.