പാര്‍ലമെന്റിലേക്ക് ആദ്യമായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ കോട്ടയത്തെ കേരളത്തിന്റെ എഡ്യൂക്കേഷന്‍ ഹബ്ബാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.


പാലാ: പാര്‍ലമെന്റിലേക്ക് ആദ്യമായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ കോട്ടയത്തെ കേരളത്തിന്റെ എഡ്യൂക്കേഷന്‍ ഹബ്ബാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം എന്ന് ജോസ് കെ മാണി എം പി പറഞ്ഞു.

 

 കോട്ടയത്തിന്റെ വൈജ്ഞാനിക പാരമ്പര്യം നിലനിര്‍ത്തുന്നതിനും ഭാവി തലമുറയ്ക്ക് നിരവധി മികച്ച  അവസരങ്ങള്‍ നല്‍കുന്നതിനും സഹായകരമായ സയന്‍സ് സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി), ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍മാനേജ്‌മെന്റ്, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍, കേന്ദ്രീയ വിദ്യാലയം, തുടങ്ങിയ നിരവധി കേന്ദ്ര സ്ഥാപനങ്ങള്‍ നേടിയെടുക്കുവാന്‍ സാധിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് വലവൂരില്‍ 250 കോടി രൂപയോളം മുതല്‍ മുടക്കി സ്ഥാപിതമായ ഐഐഐടിയും, കുറവിലങ്ങാട്ട് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന സയന്‍ സിറ്റിയും.

 

 വലവൂരിലെ മനോഹരമായ ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന ഐഐഐടിയില്‍ ഇപ്പോള്‍ 2000 ത്തിലധികം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തുന്നു. കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് സയന്‍സ് സിറ്റി. കേന്ദ്ര സാംസ്‌ക്കാരിക വകുപ്പ് മന്ത്രാലയവുമായി കോട്ടയത്ത് നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഉടന്‍ നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ഇടപെടലുകളുടെയും ഫലമായാണ് ഇന്ത്യയിലെ മെട്രൊപൊലിറ്റന്‍ നഗരങ്ങള്‍ക്ക് മാത്രം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന സയന്‍സ് സിറ്റി കോട്ടയത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. രാജ്യത്തെ നാലാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ സയന്‍സ് സിറ്റിയാണ് കുറവിലങ്ങാട്ട് സ്ഥാപിതമാകുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായ സയന്‍സ് സെന്ററിന്റെ നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 2012 ല്‍ പദ്ധതിക്ക് അനുമതി ലഭിച്ച ഉടന്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കുറവിലങ്ങാട് പഞ്ചായത്തിലെ കോഴായില്‍ ഇതിനാവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ലഭ്യമാക്കി. 2014 ഫെബ്രുവരി 1 നാണ് കുറവിലങ്ങാട് സയന്‍സിറ്റിയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നത്. അന്നത്തെ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി എ.കെ ആന്റണിയാണ് നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ സയന്‍സ് സിറ്റിയുടെ പൂര്‍ത്തീകരണത്തിന് 25 കോടി രൂപ കൂടി അനുവദിപ്പിക്കുവാനും സാധിച്ചു. മെയ് മാസം 29 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സയന്‍സ് സിറ്റിയുടെ ആദ്യഘട്ടമായ സയന്‍സ് സെന്റര്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതോടെ കോട്ടയത്തിന്റെ വൈജ്ഞാനിക പാരമ്പര്യത്തിന് ഒരു പൊന്‍കിരീടം കൂടി ചാര്‍ത്തുകയാണ് എന്നും ജോസ് കെ മാണി എം പി പറഞ്ഞു.