എരുമേലി: എരുമേലിയിലും സമീപ മേഖലകളിലും ഡെങ്കിപ്പനി വ്യാപകമായി പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ. മലയോര മേഖലകളിൽ നിന്നുൾപ്പെടെ ദിവസേന നിരവധിപ്പേരാണ് സർക്കാർ-സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.
കാലവർഷം ആരംഭിക്കുന്നതിനു മുൻപ് തന്നെ ഡെങ്കിപ്പനി പടർന്നു പിടിച്ചിരിക്കുകയാണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. ശുചിത്വം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
റോഡിന്റെ വശങ്ങളിലും തോടുകളിലും മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. മേഖലയിൽ ഊർജ്ജിത പ്രതിരോധ പ്രവർത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി പടർന്നു പിടിക്കാൻ കാരണമാകുന്നുണ്ട്.