കോട്ടയം: ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തുന്ന രാഷ്ട്രപത്രി ദ്രൗപദി മുര്‍മുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടു കോട്ടയത്ത് സുരക്ഷാ ഒരുക്കങ്ങൾ ആരംഭിച്ചു.
രാഷ്ട്രപതി എത്തുന്നത് മുതൽ യാത്ര, താമസം, ശബരിമലയിലേക്കുള്ള യാത്ര, ദർശനം തുടങ്ങിയ കാര്യങ്ങളിലുള്ള സുരക്ഷാ ഒരുക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകളും ഒരുക്കങ്ങളും നടക്കുന്നത്. ശബരിമല ദർശനവുമായി ബന്ധപ്പെട്ടു 18 നു കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതി വ്യോമസേനാ ഹെലികോപ്റ്റര്‍ മാര്‍ഗം പാലാ സെന്റ് തോമസ് കോളജില്‍ എത്തുമെന്നാണ് നിലവിലെ വിവരം.
ഇതുമായി ബന്ധപ്പെട്ടു സുരക്ഷാ അധികൃതർ പാലാ സെന്റ് തോമസ് കോളേജിൽ പരിശോധന നടത്തും. പാലായിൽ എത്തുന്ന രാഷ്ട്രപതി തുടർന്ന് കുമരകത്ത് എത്തി സ്വകാര്യ ഹോട്ടലില്‍ തങ്ങും. 19ന് ആണ് രാഷ്ടപത്രിയുടെ ശബരിമല ദര്‍ശനം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിൽ ഭക്തർക്കുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിങ് 17 വരെ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. കോട്ടയത്ത് നിന്നും നിലയ്ക്കൽ വരെ ഹെലികോപ്റ്ററിൽ എത്തുന്ന രാഷ്‌ട്രപതി നിലയ്ക്കലില്‍ നിന്ന് പമ്പയില്‍ എത്തി അവിടെ വച്ച് ഇരുമുടിക്കെട്ട് നിറയ്ക്കും. ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ പമ്പയിൽ ദേവസ്വം ബോർഡ് ഒരുക്കും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു പമ്പയിലും സന്നിധാനത്തും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.