കോട്ടയം: ശബരിമല ദർശനത്തിനായി ദ്രൗപദി മുർമു എത്തുന്നു. ഇടവമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്ന ദിവസങ്ങളിലാകും ദർശനം എന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ശബരിമലയിൽ എത്തുന്ന ആദ്യത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. മേയ് 18ന് കേരളത്തിലെത്തുമെന്ന് ആണ് സർക്കാർ വൃത്തങ്ങൾ റിപ്പോർട്ട് നൽകിയിരിക്കുന്നത്. 18,19 തീയതികളിൽ രാഷ്ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോർട്ട്.
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സർക്കാരിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം ബോർഡ് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കല്‍വരെ ഹെലികോപ്റ്ററില്‍ എത്തിയശേഷം പമ്പയില്‍നിന്ന് നടന്ന് സന്നിധാനത്തേക്ക് എത്തുന്ന തരത്തിലാവും ദര്‍ശനം ക്രമീകരിക്കുക എന്ന് റിപ്പോര്‍ട്ടുണ്ട്. പമ്പയില്‍നിന്ന് സന്നിധാനംവരെ നടന്നുകയറുമ്പോഴുള്ള ക്രമീകരണങ്ങള്‍ രാഷ്ട്രപതിയുടെ നഴ്‌സിങ് സൂപ്രണ്ട് തേടിയിരുന്നതായും വിവരമുണ്ട്.