പാലാ: അതിശക്തമായ കനത്ത മഴയിൽ പാലാ-ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി. ഈരാറ്റുപേട്ട റോഡിൽ മൂന്നാനി ഭാഗത്താണ് വെള്ളം കയറിയത്. റോഡിൽ ജലനിരപ്പ് ഉയർന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
വെള്ളം കയറിയതോടെ വാഹന ഗതാഗതം പൂർണ്ണമായും നിലച്ചിരുന്നു. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ മഴ ശക്തമാണ്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിലും താഴ്ന്ന മേഖലകളിലുമുള്ളവർ ജാഗ്രത പാലിക്കണം.
മഴ വീണ്ടും ശക്തമായാൽ പാലാ നഗരത്തിലുൾപ്പടെ വെള്ളം കയറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പൊൻകുന്നം റോഡിൽ കടയത്തും കുറ്റില്ലത്തും വെള്ളം കരകവിയാനൊരുങ്ങി നിൽക്കുകയാണ്. ഭരണങ്ങാനം റോഡിൽ ഇടമറ്റത്തും റോഡിൽ വെള്ളം കയറി.
അതേസമയം വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയിൽ റെഡ് അലേർട്ട് തുടരും. വിവിധ മേഖലകളിൽ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.