ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വനിതാ ഡോക്ടറുടെ വീടിനു നേരെ ആക്രമണം. ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്നിരിക്കുന്ന ഡോ. സിനി ജോർജിന്റെ വീട്ടിലാണ് പുലർച്ചെ ആക്രമണം ഉണ്ടായത്.
സംഭവത്തിൽ വയനാട് സ്വദേശി ഷിൻസിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുകയും വാതിലും ജനൽ ചില്ലുകളും തകർക്കുകയുമായിരുന്നു.
വീടിനുള്ളിൽ നിന്നും ആരും പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് വീട് കത്തിക്കുമെന്ന് ആക്രോശിച്ച ശേഷം ഇയാൾ വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് ഡോക്ടർ വിവരമറിയിച്ചതനുസരിച്ച് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാൾ മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നാണ് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ പരിചയമില്ലെന്നും വീട് മാറി ആക്രമിച്ചതാവാമെന്നും ഡോക്ടർ പറഞ്ഞു.