ഡെങ്കിപ്പനി പ്രതിരോധം: കൂട്ടായ പ്രവർത്തനം വേണം; ജില്ലാ മെഡിക്കൽ ഓഫീസർ.


കോട്ടയം: ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രതിരോധത്തിന് കൂട്ടായ പ്രവർത്തനം വേണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.പ്രിയ പറഞ്ഞു.

 

 ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് തടയാൻ വീട്ടിലും സ്ഥാപനങ്ങളുടെ പരിസരത്തും വലിച്ചെറിഞ്ഞ ചിരട്ടകൾ, പാത്രങ്ങൾ, കുപ്പികൾ എന്നിവയിലും വിറക് മൂടാനും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷിറ്റുകൾ, വീടിന്റെ സൺഷെയ്‌ഡ്,മരപ്പൊത്തുകൾ എന്നിവയിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.

 

 ഫ്രിഡ്ജിനടിയിലെ ട്രേ, അലങ്കാര ചെടികൾ വളർത്തുന്ന പാത്രങ്ങൾ എന്നിവയിലെ വെള്ളവും ആഴ്ചയിലൊരിക്കൽ മാറ്റണം. ആക്രിക്കടകൾ, ടയറുകളും മറ്റും കൂടിയിട്ട വാഹന വർക്ഷോപ്പുകൾ എന്നിവിടങ്ങളിലും വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. നിർ മാണ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലും റബർ, അടയ്ക്ക,പൈനാപ്പിൾ തോട്ടങ്ങളിലും ചിരട്ടകൾ, പാളകൾ, ഇലകൾ എന്നിവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരാം.

 

ഡെങ്കിപ്പനി പ്രതിരോധം സാധ്യമാക്കാൻ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തണം. ഇതിൽ നാട്ടിലെ റസിഡൻ്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയ കൂട്ടായ്മകളുടെ പങ്കാളിത്തം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു. പനിയോടൊപ്പം പേശിവേദന, തലവേദന, കണ്ണിന് പിറകിൽ വേദന, കടുത്ത ക്ഷീണം, ശരീരത്തിൽ ചെറിയ തടിപ്പുകൾ എന്നിവയുണ്ടാകും. തുടർച്ചയായ ഛർദി, വയറുവേദന, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട് എന്നിവ രോഗം ഗുരുതരമാകുന്നതിൻ്റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. രോഗബാധിതർക്ക് സമ്പൂർണ വിശ്രമം ആവശ്യമാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. രോഗബാധിതർ വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുക് വലയ്ക്കുള്ളിലാകണം.