കോട്ടയം: കോട്ടയത്ത് വില്‍പ്പന നടത്തിയ വീടിന്റെ താക്കോല്‍ കൈമാറാന്‍ പോകുന്നതിനിടെ ഗൃഹനാഥൻ ബൈക്കിടിച്ച് മരിച്ചു. മാങ്ങാനം ചെമ്മരപ്പള്ളി ചെമ്പകശേരിൽ സി.പി പൗലോസിന്റെ മകൻ സി.പി ജേക്കബ് (കൊച്ചുമോൻ -58) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ പുതുപ്പള്ളി-പാലൂർപ്പടി റോഡിൽ മാങ്ങാനത്ത് ചെമ്മരപ്പള്ളിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. മാങ്ങാനം ചെമ്മരപ്പള്ളിയ്ക്ക് സമീപമുണ്ടായിരുന്ന കൊച്ചുമോന്റെ വീട് വില്പന നടത്തിയിരുന്നു. സാധനങ്ങളെല്ലാം ലോറിയിൽ കയറ്റി പുതിയ വീട്ടിൽ ഇറക്കിയ ശേഷം താക്കോൽ കൈമാറാനാണ് എത്തിയതിനിടെയാണ് അപകടം ഉണ്ടായത്.
താക്കോൽ പുതിയ ഉടമയ്ക്ക് നൽകുന്നതിനായി സാധനങ്ങൾ ഇറക്കിയ ശേഷം ലോറിയിൽ എത്തിയ കൊച്ചുമോൻ ലോറിയിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനിടെ എതിരെയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ഉടനെ തന്നെ മാങ്ങാനത്തെ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഐപിസി കർമ്മേൽ സഭയുടെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ നടക്കും.