കോട്ടയം: കോട്ടയം വേളൂർ ഇല്ലിക്കലിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കോട്ടയം വേളൂർ ഷനൂജ് മൻസിൽ ഷംസുദീൻ ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഐഷു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. വേളൂർ-ഇല്ലിക്കൽ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ എതിരെയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇവർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷംസുദീന്റെ മരണം സംഭവിച്ചത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസുടുത്തിട്ടുണ്ട്.