പരീക്ഷാ വിജയത്തിന്റെ വിജയാഹ്ലാദം നീണ്ടത് മണിക്കൂറുകൾ മാത്രം, സമ്മാനം വാങ്ങാനായി അമ്മയ്‌ക്കൊപ്പമുള്ള യാത്ര മടക്കമില്ലാത്തതായി, നാടിനു നൊമ്പരമായി അഭിദ.


കോട്ടയം: വിഎച്ച്എസ്ഇ പരീക്ഷാ ഫലത്തിൽ തിളക്കമുള്ള വിജയം കരസ്ഥമാക്കി, തന്റെ മികച്ച വിജയം സുഹൃത്തുക്കളോടും ബന്ധുക്കളോടും അയൽവക്കക്കാരോടും ഏറെ സന്തോഷത്തോടെ അറിയിച്ചു, എന്നാൽ പരീക്ഷാ വിജയത്തിന്റെ വിജയാഹ്ലാദം നീണ്ടത് മണിക്കൂറുകൾ മാത്രമായിരുന്നു.

 

 പരീക്ഷ വിജയിച്ചതിനു സമ്മാനം വാങ്ങാൻ അധ്യാപികയായ അമ്മയ്‌ക്കൊപ്പം കോട്ടയത്ത് എത്തിയ അഭിദയെയും അമ്മ നിഷയെയും ചന്തക്കവല ഭാഗത്തു വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെയെത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി.ടി.രമേശിന്റെ മകൾ ആർ.അഭിദ പാർവതിയാണ് (18) മരിച്ചത്.

 

 അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂൾ അധ്യാപിക കെ.ജി.നിഷയെ (47) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയതിനു അമ്മയിൽനിന്ന്‌ സമ്മാനം വാങ്ങാനും സഹോദരിക്ക്‌ സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനുമായി അമ്മയ്ക്കൊപ്പം ടൗണിൽ എത്തിയതായിരുന്നു അഭിദ.

 

 തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസിലെ വിദ്യാർഥിനീയായിരുന്നു. വിഎച്ച്എസ്‌ഇ വെബ് ഡവലപ്പർ ട്രേഡ് വിദ്യാർഥിനിയായ അഭിദ ഉപരിപഠനത്തിനു യോഗ്യത നേടിയിരുന്നു. സമ്മാനം വാങ്ങാനായി അമ്മയ്‌ക്കൊപ്പമുള്ള യാത്ര മടക്കമില്ലാത്തതായി മാറുകയായിരുന്നു. അപകട വാർത്തയറിഞ്ഞ ബന്ധുക്കളും നാട്ടുകാരും ഞെട്ടലോടെയാണ് മരണ വിവരം കേട്ടത്.