കോട്ടയം: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റിവെച്ചു.
മെയ് 19 ന് രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുമെന്ന് ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നു. മെയ് 18-ന് കേരളത്തിലെത്തുന്ന രാഷ്‌ട്രപതി പാല സെൻറ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിലും ശേഷം ശബരിമല സന്ദർശനവും നടത്തുമെന്നായിരുന്നു അറിയിച്ചത്.
ശബരിമല നട ഇടവ മാസ പൂജയ്ക്കായി തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു.ദേവസ്വം ബോർഡും സർക്കാരും വിവിധ ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു. നിലക്കൽ ഹെലിപ്പാടിന് സമീപവും റോഡുകളുടെ അറ്റകുറ്റ പണികളും ആരംഭിച്ചിരുന്നു. വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ദേവസ്വം ബോർഡ് ഒഴിവാക്കി. മെയ് 18,19 തീയതികളിൽ വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ഈ ദിവസങ്ങളിൽ വെർച്ചൽ ക്യൂ ബുക്ക് ചെയ്തു തീർഥാടകർക്ക് ദർശനം നടത്താവുന്നതാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.