കോട്ടയത്ത് മുക്കുപണ്ടം പണയം വെച്ചു നാലര ലക്ഷം രൂപ തട്ടി, മരണപ്പെട്ടതായി സ്വയം പത്രവാർത്ത നൽകിയ ശേഷം തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞയാളെ പോലീസ് പിടികൂടി.


കോട്ടയം: കോട്ടയത്ത് മുക്കുപണ്ടം പണയം വെച്ചു നാലര ലക്ഷം രൂപ തട്ടിയ ശേഷം മരണപ്പെട്ടതായി സ്വയം പത്രവാർത്ത നൽകി തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞയാളെ പോലീസ് പിടികൂടി.

 

 കുമാരനല്ലൂർ പെരുമ്പായിക്കാട് മായാലിൽ സജീവ് എം അറിനെ(സുബി -41)യാണ് തമിഴ്നാട് കൊടൈക്കനാലിൽ നിന്നും ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

 

 2024 ലാണ് കുമാരനല്ലൂരിലുള്ള സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനത്തിൽ നിന്നും മുക്കുപണ്ടം പണയം വെച്ചു നാലര ലക്ഷം രൂപ തട്ടിയത്. സ്ഥാപനത്തിന്റെ ഓഡിറ്റിലാണ് പണയം വെച്ച സ്വർണ്ണം മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവർ ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ പണം തട്ടിയ സജീവ് മരണപ്പെട്ടതായും തമിഴ്നാട്ടിലെ അടയാറിൽ സംസ്കാരം നടത്തിയതയും സ്വയം പത്രങ്ങളിൽ വാർത്ത നൽകിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പോലീസിന് ലഭിച്ച പരാതിയിൽ ഇവരുടെ വീട് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഫോൺകോളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗാന്ധിനഗർ പോലീസ് ഇയാൾ ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയതും പിടികൂടിയതും. സമാനരീതിയിൽ മറ്റു രണ്ട് സ്ഥാപനങ്ങളിൽ കൂടി ഇയാൾ തട്ടിപ്പ് നടത്തിയതയാണ് വിവരം. മുക്കുപണ്ടങ്ങളാണെന്ന് വേഗത്തിൽ തിരിച്ചറിയാത്ത ആഭരങ്ങളുമായി പല മേൽവിലാസം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.