ഏറ്റുമാനൂർ: കോട്ടയം അയർക്കുന്നത്ത് അഭിഭാഷകയായ യുവതിയും പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെയും ഭർതൃപിതാവിന്റെയും ജാമ്യാപേക്ഷ തള്ളി.
മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റും പാലാ കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയും ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), നോറ (2) എന്നിവരാണ് മീനച്ചിൽ ആറ്റിൽ ചാടി ജീവനൊടുക്കിയത്.
സംഭവത്തിൽ ജിസ്‌മോളുടെ ഭർത്താവ് നീറിക്കാട് സ്വദേശി ജിമ്മിയെയും പിതാവ് ജോസഫിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഇരുവരുടെയും ജാമ്യപേക്ഷ തള്ളിയത്. ജിസ്മോളെ ശാരീരികവും മാനസികവുമായി ഭർതൃ വീട്ടുകാർ പീഡിപ്പിച്ചിരുന്നെന്നു കാട്ടി ജിസ്‌മോളുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ കിട്ടിയതോടെയാണ് ജിസ്മോളുടെ ഭര്‍ത്താവും നീറിക്കാട് സ്വദേശി ജിമ്മിയെയും അച്ഛൻ ജോസഫിനെയും ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമേതിരെ ഗാർഹിക പീഡനവും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയായിരുന്നു അറസ്റ്റ്.