കോട്ടയം: കരവിരുതിൽ കളിമണ്ണിനെങ്ങനെയിത്ര കമനീയ രൂപങ്ങളായി മാറാനാകുമെന്ന് ആലോചിച്ചിട്ടുണ്ടോ? വരൂ, നേരിൽ കാണാം... കളിമണ്ണുകൊണ്ട് പാത്രങ്ങളുണ്ടാക്കുന്നത്. പാത്രങ്ങൾ മാത്രമല്ല, നിലവിളക്കുൾപ്പെടെ കൗതുക രൂപങ്ങൾ നിമിഷങ്ങൾക്കുള്ളിൽ രൂപപ്പെടുത്തിയെടുക്കുന്നത് കണ്ടു നിൽക്കാൻ തന്നെ രസം...
സ്വന്തം കൈകൾ കൊണ്ട് ഇവ ഉണ്ടാക്കി നോക്കാനുള്ള അവസരം കൂടി കിട്ടിയാലോ? എൻ്റെ കേരളം പ്രദർശന വിപണമേളയുടെ ഭാഗമായി ടൂറിസത്തിന്റെ പവലിയനിലാണ് ഇതിനായി അവസരം ഒരുക്കിയിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ഭാഗമായി ഓലക്കുടിൽ കെട്ടി അതിനുള്ളിൽ തനതായ രീതിയിലാണ് കളിമൺ പാത്ര നിർമാണം. പാരമ്പര്യ കളിമൺപാത്രനിർമാണ തൊഴിലാളിയായ വൈക്കം തോട്ടകം രാജേഷ് ഇണ്ടംതിരുത്തിലാണ് കാണികൾക്കായി നിർമാണം പരിചയപ്പെടുത്തുന്നത്. കളിമൺ വിളക്ക്,ചട്ടി, ഫ്ളവർ ബോട്ടിൽ,കൂജ, പാത്രങ്ങൾ എന്നിവ ഉണ്ടാക്കിയതും പ്രദർശിപ്പിച്ചിട്ടുണ്ട്. ബീച്ചും ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൻ്റെ മാതൃകയും ടൂറിസം പവലിയനിൽ റെഡി. തിരമാലകൾ കാലിൽ തൊട്ടു തഴുകി പോകുന്ന അതേ ഫീലിലാണ് കടലോരത്തിൻ്റെ മിനി വേർഷനുള്ളത്. വിനോദ സഞ്ചാരികൾക്ക് സുരക്ഷിതവും ഇഷ്ടാനുസൃതമാക്കിയതും പ്രകൃതിയോട് ഏറ്റവും അടുത്തതുമായ യാത്രാനുഭവം പകർന്നു നൽകുന്ന കാരവൻ ടൂറിസം അറിയാനും നാഗമ്പടം മൈതാനത്ത് അവസരമുണ്ട്. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളും താമസ സൗകര്യവും വിനോദ സഞ്ചാര ആകർഷണങ്ങളും ഇനി ഒറ്റ ക്ലിക്കിൽ കാണാം. അതിനായി ചാറ്റ് ജി.പി.റ്റിയും ഉണ്ട്. 7510512345 എന്ന നമ്പറിൽ ഒരു ഹായ് അയച്ചാൽ മാത്രം മതി. ഇത്തരത്തിൽ ടൂറിസം രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും നൂതന ആശയങ്ങളും എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായിട്ടുണ്ട്. ടൂറിസം രംഗത്ത് പുത്തൻ പരിഷ്കാരങ്ങൾ നടത്തി സ്വദേശികളെയും വിദേശികളെയും ഒരുപേലെ ആകർഷിക്കുകയാണ് ദൈവത്തിൻ്റെ സ്വന്തം നാട്.