ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യൻ കാർഡിയോളജിസ്റ്റ്, കോട്ടയം സ്വദേശി പത്മശ്രീ ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു.


കോട്ടയം: ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യൻ കാർഡിയോളജിസ്റ്റ് കോട്ടയം സ്വദേശി പത്മശ്രീ ഡോ. മാത്യു സാമുവൽ കളരിക്കൽ(77) അന്തരിച്ചു.

 

 നാഷണൽ ആൻജിയോപ്ലാസ്റ്റി രജിസ്ട്രി ഓഫ് ഇന്ത്യയുടെ സ്ഥാപക-കൺവീനറായിരുന്നു. 1995 മുതൽ 1997 വരെ ഏഷ്യൻ-പസഫിക് സൊസൈറ്റി ഓഫ് ഇന്റർവെൻഷണൽ കാർഡിയോളജി പ്രസിഡന്റും 1995 മുതൽ 1999 വരെ ഏഷ്യൻ-പസഫിക് സൊസൈറ്റി ഓഫ് കാർഡിയോളജി ഇന്റർവെൻഷണൽ കാർഡിയോളജി ചെയർമാനുമായിരുന്ന അദ്ദേഹത്തെ 2000-ത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1986ൽ ഇന്ത്യയിലെ ആദ്യത്തെ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഇദ്ദഹമാണ്. 25,000 ലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റിക്ക് തന്റെഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക് കോട്ടയം മാങ്ങാനത്ത് നടക്കും. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിംഗ്, കൊറോണറി സ്റ്റെന്റിംഗ്, റോട്ടാബ്ലേറ്റർ അത്രക്ടമി എന്നിവയിൽ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. 1948 ജനുവരി 6 ന് കോട്ടയത്താണ് മാത്യു കളരിക്കൽ ജനിച്ചത്. അലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചു. തുടർന്ന് 1974 ൽ കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദവും 1978 ൽ ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്ന് എംഡിയും 1981 ൽ ചെന്നൈയിലെ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും ഡിഎം നേടി. ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷം മാത്യു ജക്കാർത്തയിലെ മെഡിസ്ട്രാ ഹോസ്പിറ്റലിലേക്കും പിന്നീട് ഒമാനിലേക്കും പോയി അവിടെ മസ്കറ്റിലെ റോയൽ ഹോസ്പിറ്റലിൽ കാർഡിയോളജിസ്റ്റായി ജോലി ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൊറോണറി ആഞ്ചിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ആൻഡ്രിയാസ് ഗ്രുഎംത്ജിഗിന്റെ കീഴിൽ പരിശീലനം നേടി 1985 -ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയശേഷം അദ്ദേഹം അപ്പോളോ ഹോസ്പിറ്റൽ ചെന്നൈയിൽ ചേർന്നു.